വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ; കൊല്ലം സ്വദേശിനി അറസ്റ്റിൽ



കൊല്ലം: വീസ തട്ടിപ്പു കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷാണ് പിടിയിലായത്. കേസിലെ നാലാംപ്രതിയാണ് ചിഞ്ചു. കേസിലെ ഒന്നാം പ്രതി ബിനിലിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതിയും മൂന്നാം പ്രതിയും ഒളിവിലാണ്. വിദേശത്ത് കപ്പലിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പല തവണയായി പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന പുനലൂർ കറവൂർ സ്വദേശി നിഷാദിന്റെ പരാതിയിലാണ് അറസ്റ്റ്. പുനലൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. മാസം രണ്ടു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പൽ ജോലിയാണ് സംഘം നിഷാദിനു നൽകിയ വാഗ്ദാനം. വായ്പ എടുത്താണ് നിഷാദ് പണം നൽകിയത്. സമൂഹ മാധ്യമത്തിലൂടെ പരസ്യം കണ്ടാണ് ജോലിക്ക് അപേക്ഷിച്ചത്. ഗുഗിൾ മീറ്റ് വഴിയായിരുന്നു ചിഞ്ചു അപേക്ഷകരോട് സംസാരിച്ചിരുന്നത്. ഇത്തരത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് ഇവരടങ്ങുന്ന സംഘം പല ചെറുപ്പക്കാരിൽ നിന്നും തട്ടിയെടുത്തത്. 2023 മേയ് മുതൽ നവംബർ വരെ പലതവണയായിട്ടാണ് നിഷാദ് ഇവർക്ക് പണം നൽകിയിരുന്നത്. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനിലിനെ മുൻപ് അറസ്റ്റ്‌ ചെയ്തിരുന്നു. രണ്ടും, മൂന്ന് പ്രതികളെ ഇനി പിടികൂടാനുണ്ട്. എറണാകുളത്തെ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവിലായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ടാലന്റ് വീസ എച്ച്ആർ കൺസൾട്ടൻസി എന്ന പേരിൽ ഇവർ സ്ഥാപനം നടത്തിയിരുന്നു. വലിയതോതിലുള്ള പരാതി ഉയർന്നതോടെ സ്ഥാപനം അടച്ചുപൂട്ടിയിരുന്നു. കൊച്ചിയിൽ നിന്നാണ് ചിഞ്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.  



Post a Comment

Previous Post Next Post

AD01