കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ ജയിൽ വകുപ്പിൽ എട്ട് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. നിലവിൽ സൂപ്രണ്ടുമാർ ഇല്ലായിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണ്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നിട്ടില്ലെന്ന് കണ്ടെത്തൽ. സെല്ലിലെ ലൈറ്റുകൾ രാത്രിയിൽ പ്രവർത്തിച്ചിരുന്നില്ല. ആറുമാസമായി ഇലക്ട്രിക് ഫെൻസിംഗ് പ്രവർത്തിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പി മുറിച്ച ആയുധം കണ്ടെത്താതിരുന്നത് സെല്ലിലെ പരിശോധനയിലെ വീഴ്ചയാണെന്ന് വിലയിരുത്തുന്നു. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ട ശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാർഡ് ഓഫീസർക്ക് ലഭിച്ച ആദ്യ റിപ്പോർട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ മാത്രമല്ല, തടവിലെ താമസത്തിലടക്കം ജയിലധികൃതർക്ക് അടിമുടിവീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതി രൂപമാറ്റം വരുത്തിയിട്ടും ഉദ്യോഗസ്ഥർ അത് കാര്യമായി എടുത്തില്ലെന്ന എന്നത് ഗുരുതര പിഴവാണ്. ഒരു കൊടും ക്രിമിനലിന് താടിനീട്ടിവളർത്താനടക്കം ആരാണ് അനുമതി നൽകിയതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ്ചെയ്യണം എന്നാണ്ചട്ടം. ഈ ചട്ടം നിലനിൽക്കുമ്പോഴും ഗോവിന്ദച്ചാമിയെ പോലൊരു കൊടും കുറ്റവാളി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥർ വിലക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനും അധികൃതർ ഉത്തരം പറയേണ്ടിവരും. ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ജയിൽ സുരക്ഷ സംബന്ധിച്ച അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. സംഭവത്തെ കുറിച്ച് നടക്കുന്ന പോലീസ് അന്വേഷണം കൂടാതെയാണ് പ്രത്യേക സമിതി അന്വേഷിക്കുന്നത്. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ സംഘത്തിനാണ് അന്വേഷണ ചുമതല. കണ്ണൂരിൽ സംഭവിച്ചത് ഇനി ആവർത്തിക്കാതിരിക്കാനും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ജയിലുകളിലെ വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന് നിർദേശം നല്കിയിട്ടിട്ടുണ്ട്. പ്രധാന ജയിലുകളിൽ ഇന്റലിജൻഡ് സിസിടിവികൾ സ്ഥാപിക്കും. അഞ്ചുവർഷം കഴിഞ്ഞ ജയിൽ ജീവനക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റും. കൊടും കുറ്റവാളികൾക്കായി അന്തർ സംസ്ഥാന ജയിൽ മാറ്റം കൂടി പരിഗണനയിലുണ്ട്. താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Post a Comment