വ്യക്തിപരമായവശം പരിശോധിക്കേണ്ടത് കെഎസ്ആർടിസിയല്ല, ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടർക്ക്;വിവാദ സസ്‌പെൻഷനിൽ മന്ത്രി


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആരുടേയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ല. എന്നാല്‍ കൃത്യനിര്‍വഹണത്തില്‍ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചതിനൊപ്പം സസ്‌പെന്‍ഷന്‍ ഉത്തരവിലും പിഴവുണ്ടായെന്ന് മന്ത്രി പറഞ്ഞു. അതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും മന്ത്രി വിശദീകരിച്ചു. 'ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റ് പറ്റിയെങ്കില്‍ പരിശോധിക്കും. തെറ്റ് സംഭവിച്ചതിനാലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശം കൊടുത്തത്. വിഷയത്തില്‍ രണ്ട് വശങ്ങളുണ്ട്. ആദ്യത്തേത് വ്യക്തിപരമായ വശമാണ്. വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെഎസ്ആര്‍ടിസി അല്ല. മറ്റൊരു വശം കണ്ടക്ടറുടെ അശ്രദ്ധക്കൊണ്ട് യാത്രക്കാര്‍ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടിവന്നുവെന്നതാണ്. ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടര്‍ക്കാണ്. നാട്ടുകാരുടെ കയ്യിലല്ല. അത്തരമൊരു പിഴവ് കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടായി. സസ്‌പെന്‍ഷന്‍ ഉത്തരവിലേത് ഉദ്യോഗസ്ഥന് സംഭവിച്ച അബദ്ധമാണ്. ആരുടേയും വ്യക്തിപരമായ കാര്യത്തില്‍ ഉത്തരവാദിത്തം കെഎസ്ആർടിസിക്ക് ഇല്ല. അതിനാണ് ഉത്തരവ് റദ്ദാക്കിയത്', കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ശനിയാഴ്ചയായിരുന്നു വനിതാ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത്. വിവാദമായതോടെ മന്ത്രി ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി 'അവിഹിതം' ഉണ്ടെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ ആരോപണ വിധേയയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ചീഫ് ഓഫീസ് വിജിലന്‍സിന്റെ ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തിയാണ് സസ്‌പെന്‍ഡ് ചെയ്തത്. 'കണ്ടക്ടര്‍ ഏറെ നേരം ഡ്രൈവറുമായി സംസാരിക്കുന്നതും ഡ്രൈവറുടെ മൊബൈല്‍ വാങ്ങുകയും ബസിലുള്ള യാത്രക്കാരെ ശ്രദ്ധിക്കാതെ അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലത്ത് യാത്രക്കാര്‍ തന്നെ സ്വയം ബെല്ലടിഞ്ഞ് ഇറങ്ങുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി' എന്നായിരുന്നു ഉത്തരവില്‍ പറയുന്നത്. കണ്ടക്ടറും ഡ്രൈവറും തമ്മില്‍ 'അവിഹിതം' ഇല്ലായെന്ന് പറയുന്നുണ്ടെങ്കിലും രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തില്‍ കണ്ടക്ടര്‍ സംസാരിച്ചത് വീഴ്ചയാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.



Post a Comment

Previous Post Next Post

AD01