ഒരു വർഷത്തിലേറെയായി പ്രണയത്തിൽ, വിവാഹക്കാര്യം പറഞ്ഞതോടെ തര്‍ക്കം, ലോഡ്ജ് കൊലപാതകത്തിൽ വിവരങ്ങൾ പുറത്ത്


കൊച്ചി: ആലുവ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അഖിലയും (38) അറസ്റ്റിലായ ബിനുവും (35) തമ്മിൽ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. അഖില നേരത്തെ വാഴക്കുളത്തെ ഹോസ്റ്റലിൽ വാർഡനായി ജോലി ചെയ്യിരുന്നു. ബിനു, മൊബൈൽ ടവർ മെയിൻറനൻസ് കമ്പനിയിലെ ഡ്രൈവറായിരുന്നു. ഏറെനാളായി അടുപ്പത്തിലായിരുന്ന ഇരുവരും മുമ്പ് പല തവണ ലോഡ്ജിൽ മുറി എടുത്തിട്ടുണ്ട്. പലപ്പോഴും രണ്ട് ദിവസത്തോളം ഇവിടെ താമസിച്ചിട്ടുമുണ്ട്. ഇന്നലെ മുറി ബുക്ക് ചെയ്തതും പണമടച്ചതും അഖിലയായിരുന്നു,വെന്നാണ് ലോഡ്ജ് ജീവനക്കാരൻ പോലീസിന് നൽകിയ മൊഴി. രാത്രി എട്ടരയോടെ ഇരുവരും ലോഡ്ജിലെത്തി. ബിനു മദ്യപിച്ചു. മദ്യപാനത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് അഖില ആവശ്യപ്പെട്ടു. പിന്നാലെയാണ് കൊലപ്പെടുത്തിയത്. മുമ്പ് പലതവണ തന്റെ വീടിന്റെ പരിസരത്തെത്തി വിവാഹ കാര്യം പറഞ്ഞ് നാട്ടുകാരുടെ മുന്നിൽ അഖില തന്നെ അപമാനിച്ചിരുന്നു. ഇന്നലെ വീണ്ടും വിവാഹക്കാര്യം പറഞ്ഞതോടെ ബിനു പ്രകോപിതനായി. ഇരുവർക്കും ഇടയിൽ വാക്ക് തർക്കം ഉണ്ടായി. വാക്കു തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതിനിടെ അഖിലയുടെ ഷോൾ ഉപയോഗിച്ച് കഴുത്തു മുറുക്കുകയായിരുന്നുവെന്ന് ബിനു പൊലീസിനോട് പറഞ്ഞു. ലോഡ്ജ് മുറിയുടെ ബാത്റൂമിനോട് ചേർന്നാണ് മൃതദേഹം കിടന്നിരുന്നത്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് കൊലപാതകം നടന്നത്. അഖില ബോധരഹിതയായി വീണതോടെ താൻ സുഹൃത്തിനെ വീഡിയോ കോൾ വിളിച്ചുവെന്ന് ബിനു പോലീസിനോട് പറഞ്ഞു. വീഡിയോ കോളിൽ അഖില നിലത്തു കിടക്കുന്നത് കണ്ടു പരിഭ്രാന്തനായ സുഹൃത്ത് പോലീസിനെ വിവരം അറിയിച്ചു. ഇന്ന് രാവിലെയാണ് ആലുവാ നഗരത്തിലെ ലോഡ്ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയ വിവരം പുറത്ത് വരുന്നത്. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനു പൊലീസ് കസ്റ്റഡിയിലാണ്. 




Post a Comment

Previous Post Next Post

AD01