പ്രശസ്തനടന്‍ മുരളിയുടെ ഓര്‍മകള്‍ക്ക് 16 വയസ്. സൂക്ഷ്മാഭിനയവും ഗാംഭീര്യമുള്ള ശബ്ദവും കൊണ്ട് അനശ്വരനായി മാറിയ പ്രതിഭയാണ് മുരളി. പഞ്ചാഗ്നി, അമരം, ആകാശദൂത്, ഗ്രാമഫോണ്‍, ലാല്‍സലാം, ചമയം, ചകോരം, വിഷ്ണുലോകം തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങള്‍ അദ്ദേഹം അതുല്യമായ അഭിനയപാടവം കൊണ്ട് അനശ്വരമാക്കി. ഉജ്ജ്വലമായ ഭാവാഭിനയവും തീര്‍ത്തും വ്യത്യസ്തമായ ശരീരഭാഷയും ശബ്ദവിന്യാസത്തിലെ മികവുമാണ് മുരളിയെ നടനേതിഹാസമാക്കുന്നത്. ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടിയാണ് മുരളിയുടെ ആദ്യചിത്രം. അരവിന്ദന്റെ ചിദംബരം രണ്ടാമത്തെ ചിത്രം. എന്നാല്‍ പഞ്ചാഗ്‌നിയിലെ വേഷമാണ് മുരളിയെ മലയാളികളുടെ മനസില്‍ അടയാളപ്പെടുത്തിയത്.
നായകനൊപ്പം ഗാംഭീര്യമുള്ള പ്രതിനായകനായി മുരളി തിളങ്ങി. ഏയ് ഓട്ടോ, കളിക്കളം, ദി കിംഗ്, ദി ട്രൂത്ത് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. കടപ്പുറത്തിന്റെ രീതികളും ശരീരഭാഷയും സംഭാഷണശൈലിയും തനിക്ക് വഴങ്ങുമെന്ന് അമരത്തിലെ കൊച്ചുരാമനിലൂടെ മുരളി തെളിയിച്ചു. സൂക്ഷ്മാഭിനയത്തിലൂടെ മറ്റ് അഭിനേതാക്കളില്‍ നിന്ന് എന്നും വേറിട്ടുനിന്നും മുരളിയുടെ കഥാപാത്രങ്ങള്‍. കിഴക്കുണരും പക്ഷിയിലെ വയലിനിസ്റ്റ് ജോണിയേയും ലാല്‍സലാമിലെ സഖാവ് ഡികെ അങ്ങനെ നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷക മനസുകളില്‍ ആഴത്തില്‍ പതിഞ്ഞു. 2002ല്‍ പുറത്തിറങ്ങിയ നെയ്ത്തുകാരനിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. നാലുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരുവാണ് അവസാനചിത്രം. സംഗീതനാടക അക്കാദമി ചെയര്‍മാനായിരുന്നു.
.jpg)




Post a Comment