17ാമത് രാജ്യാന്തര ഹ്രസ്വ ചലചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം കൈരളി തീയേറ്ററിൽ മന്ത്രി സജി ചെറിയാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള 331 ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സര വിഭാഗത്തിലെ ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍, ഇന്റര്‍നാഷണല്‍ ഫിലിംസ്, ഫെസ്റ്റിവല്‍ വിന്നേഴ്‌സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം.ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, മാസ്റ്റര്‍ ക്‌ളാസ്, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. സമീപകാലത്ത് അന്തരിച്ച സിനിമയിലെ പ്രമുഖർക്ക് ആദരവ് അർപ്പിച്ചുള്ള ഹോമേജ് വിഭാഗവും മേളയില്‍ ഉണ്ടായിരിക്കും. ‘ഫ്രം ഗ്രൗണ്ട് സീറോ’ ആണ് ഉദ്ഘാടന ചിത്രം. 22 പലസ്തീന്‍ സംവിധായകരുടെ സംരംഭമായ ചിത്രം ഗാസയില്‍ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകളാണ് പറയുന്നത്.
Post a Comment