കാർ ബോംബും ഡ്രോൺ അറ്റാക്കും: കൊളംബിയയിൽ വിമതരുടെ ആക്രമണ പരമ്പര; 17 മരണം


ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയെ ഞെട്ടിച്ച് വമ്പൻ ആക്രമണ പരമ്പര. വ്യാഴാഴ്ചയുണ്ടായ കാർ ബോംബ് ആക്രമണത്തിലും പൊലീസ് ഹെലികോപ്റ്ററിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിലും കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. FARC എന്നറിയപ്പെടുന്ന കൊളംബിയയിലെ റെവല്യൂഷണറി ആംഡ് ഫോഴ്‌സിലെ വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു.

ഹെലികോപ്റ്റർ ആക്രമിച്ച് തകർത്ത സംഭവത്തിലാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. കൊക്കൈൻ നിർമാണത്തിന് ആവശ്യമായ കൊക്ക ഇലകൾ ഇല്ലാതാക്കാൻ വടക്കൻ കൊളംബിയയിലെ ആന്റിയോക്വിയയിലേക്ക് ഉദ്യോഗസ്ഥരെ കൊണ്ടുപോകുകയായിരുന്ന ഹെലികോപ്റ്ററിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ഡ്രോൺ ഉപയോഗിച്ചാണ് ഹെലികോപ്റ്റർ തകർത്തത്.


തെക്കുപടിഞ്ഞാറൻ നഗരമായ കാലിയിലാണ് കാർ ബോംബാക്രമണം നടന്നത്. ഒരു വ്യോമസേന സ്കൂളിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ച് അഞ്ച് പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്യുകയായിരുന്നു. സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ കൊളംബിയൻ വ്യോമസേന പുറത്തു വിട്ടിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് സംഘമായ ഗൾഫ് ക്ലാനൊപ്പം ചേർന്ന് വിമത ഗ്രൂപ്പ് നടത്തിയ ആക്രമണമാണെന്നാണ് പ്രഥമിക വിവരം.

2016-ൽ സർക്കാരുമായുള്ള സമാധാന കരാർ നിരസിച്ച FARC വിമതരും ഗൾഫ് ക്ലാനിലെ അംഗങ്ങളും ആന്റിയോക്വിയയിലാണ് പ്രവർത്തിക്കുന്നത്. കൊളംബിയയിൽ കൊക്ക ഇല കൃഷി വർധിച്ചതോടെ സർക്കാർ ഇതിന് തടയിടാൻ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങൾ നടന്നത്. സംഭവത്തിൽ കൊളംബിയൻ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Post a Comment

Previous Post Next Post

AD01