കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വിവിധ ക്രൈസ്തവസഭകളുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം. കണ്ണൂരിൽ നടന്ന പ്രതിഷേധം ബിഷപ്പ് ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന്ന് പേർ പങ്കെടുത്തു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തത് അപലപനീയമെന്ന് താമരശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.
‘നിഗൂഡ നീക്കത്തിലൂടെ ആണ് ജാമ്യാപേക്ഷ എതിര്‍ത്തത്. നിര്‍ബന്ധിത മത മതപരിവര്‍ത്തനം എന്ന് വരുത്തി തീര്‍ക്കാന്‍ ചില തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നു. അത്തരം സംഘടനകളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. മതപരിവര്‍ത്തന നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്നു. രാജ്യത്ത് നീതി നിഷേധിക്കപ്പെടുമ്പോള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കാന്‍ മാത്രമാണ് തങ്ങള്‍ക്ക് കഴിയുകയുള്ളൂ,’ ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.
കോതമംഗലം രൂപതയുടെ പ്രതിഷേധ പരിപാടി തൊടുപുഴയിലാണ് നടന്നത്. തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. അശരണരെ സഹായിക്കുന്ന ആളുകളെയാണ് തടവിൽ വച്ചിരിക്കുന്നതെന്നും തിന്മയുടെ ശക്തികൾ അധികനാൾ നിലനിൽക്കില്ല എന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തും വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടന്നു.
Post a Comment