കോഴിക്കോട്ടെ ഗ്രൂപ്പ് തർക്കം: ‘അധിക്ഷേപിച്ചവർക്ക് എതിരെ നടപടി വേണം’; കടുത്ത പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ

 



കോഴിക്കോട്ടെ ഗ്രൂപ്പ് തർക്കത്തിൽ കടുത്ത പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ. തന്നെ അധിക്ഷേപിച്ചവർക്കെതിരെ നടപടി വേണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. കോ‍ഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺകുമാറിനെതിരെയാണ് ഹൈക്കമാൻ്റിനും കെപിസിസി നേതൃത്വത്തിനും പരാതി നൽകിയിരിക്കുന്നത്. മണ്ഡലം പ്രസിഡൻ്റ് റമീസിനെതിരെയും നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് തർക്കങ്ങളിലേക്ക് അനാവശ്യമായി തന്നെ വലിച്ചിഴച്ചു എന്ന പരാതിയും അദ്ദേഹത്തിനുണ്ട്. യൂത്ത് കോൺഗ്രസ് പരിപാടി ബഹിഷ്കരിച്ച ചാണ്ടി ഉമ്മൻ വിശദീകരണം നൽകണമെന്ന ഡി സി സി പ്രസിഡൻ്റിന്‍റെ ആവശ്യത്തിനെതിരെയാണ് ഹൈക്കമാൻ്റിനും കെപിസിസി നേതൃത്വത്തിനും പരാതി നൽകിയിരിക്കുന്നത്. ടി സിദ്ദിഖ് – ഷാഫി പറമ്പിൽ ഗ്രൂപ്പ് തർക്കത്തെ തുടർന്നാണ് ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസ് പരിപാടി ഒഴിവാക്കിയത്. കോഴിക്കോട് സൗത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് യുവജന സമ്പർക്ക യാത്രയിൽ നിന്നാണ് ചാണ്ടി ഉമ്മൻ വിട്ടു നിന്നത്. പരിപാടിയുടെ ഉദ്ഘാടകനായി കോഴിക്കോട് ഡിസിസിയാണ് ചാണ്ടി ഉമ്മനെ നിശ്ചയിച്ചതും ക്ഷണിച്ചതും. എന്നാൽ കോഴിക്കോട് എത്തിയ ചാണ്ടി ഉമ്മൻ ടി സിദ്ദിഖിൻ്റെ നിർദേശ പ്രകാരം പരിപാടിയിൽ പങ്കെടുക്കാതെ വിട്ടുനിന്നു എന്നാണ് ഷാഫി അനുകൂലികൾ പറയുന്നത്. കോഴിക്കോട് എത്തിയിട്ടും പരിപാടി ബഹിഷ്കരിച്ച ചാണ്ടി ഉമ്മനോട് വിശദീകരണം തേടുമെന്ന് ഡി സി സി പ്രസിഡൻ്റ് കെ പ്രവീൺകുമാർ പറഞ്ഞിരുന്നു. ചാണ്ടി ഉമ്മനെതിരെ കെപിസിസിക്കും എഐസിസിക്കും പരാതി നൽകുമെന്ന് സൗത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി പി റമീസ് അറിയിച്ചിരുന്നു. വിശദീകരണം തേടിയ ഡിസിസി പ്രസിഡന്റിനുള്ളത് പാർട്ടിയിൽ തീർത്തോളാമെന്നും ചാണ്ടി ഉമ്മൻ ഇന്നലെ പറഞ്ഞിരുന്നു. 



Post a Comment

Previous Post Next Post

AD01