‘വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല; അവര്‍ വിശ്വാസികളായ മനുഷ്യരെ വര്‍ഗീയവത്കരിക്കാനായുള്ള ശ്രമമാണ് നടത്തുന്നത്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍


ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ട്രംപിനെ പോലുള്ള തീവ്രവലതുപക്ഷമാണ് ഇവിടേയും ഉള്ളതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇവിടത്തെ തീവ്ര വലതുപക്ഷം വര്‍ഗീയതക്ക് ഒപ്പം ചേര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് കാലഘട്ടില്‍ ഏത് സാമൂഹിക ജീവിതത്തിന്റെ ഭാഗമായാണ് സനാതന ധര്‍മ്മം ഉണ്ടായിരുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു . വിശ്വാസികള്‍ ആരും വര്‍ഗീയവാദികളല്ല, വിശ്വാസത്തില്‍ അധിഷ്ഠിതമായി വര്‍ഗീയത പ്രചരിപ്പിക്കാന്‍ സാധിക്കില്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല. അവര്‍ വിശ്വാസത്തെ ഉപകരണമായി ഉപയോഗിച്ച്‌ വിശ്വാസികളായ മനുഷ്യരെ വര്‍ഗീയവത്കരിക്കാനായുള്ള് ശ്രമമാണ് നടത്തുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തൃശൂര്‍ പെരുമ സമാപന സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ആഗോള അയപ്പ സംഗമത്തിന് എല്ലാവരും പിന്തുണ നല്‍കി. സാമുദായിക സംഘടനകളും പിന്തുണച്ചു. ആദ്യം അതിനെ ശക്തമായി എതിര്‍ത്ത ഒരാള്‍ ഇപ്പോള്‍ പറഞ്ഞത് ക്ഷണിച്ചാല്‍ പോകും എന്നാണ്. വര്‍ഗീയവാദികളെ ക്ഷണിക്കരുത് എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വിശ്വാസികളെ ക്ഷണിക്കണം, ഞങ്ങള്‍ വിശ്വാസികള്‍ക്കെതിരല്ല, അത് തുറന്ന് പറയുന്നതില്‍ ഒരു മടിയുമില്ല അന്ധവിശ്വാസങ്ങള്‍ക്കെതിരെ വിശ്വാസികളെ കൂടെ നിര്‍ത്തി എതിര്‍ക്കാന്‍ കഴിയണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വിശ്വാസികളെ കൂടെ ചേര്‍ത്ത് വര്‍ഗീയവാദികളെ എതിര്‍ക്കണം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും തുറന്നു കാട്ടണം. മൂന്നാമത്തെ സര്‍ക്കാറിലേക്കുള്ള യാത്രയിലാണ് നാം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പലശ്രമങ്ങളും ഉണ്ടാകും. 2026 മെയ് 26 വരെ പ്രധാനമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

അഗോളവത്കരണത്തെ അമേരിക്ക അവസാനിപ്പിച്ചെന്നും ട്രംപിന്റെ ഇരട്ടച്ചുങ്ക തീരുമാനം അതിന്റെ തെളിവാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇന്ത്യക്കുമേല്‍ 50ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ തീരുമാനത്തില്‍ വലിയ പ്രതിസന്ധിയാണ് ഇന്ത്യ ഉള്‍പ്പടെ അഭിമുഖീകരിക്കുന്നത്. അതില്‍ നിന്ന് രക്ഷ തേടിയാണ് ചൈനയിലേക്കും റഷ്യയിലേക്കും വിദ്ഗധരടക്കം പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതേസമയം കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു പത്രമില്ലെന്നും കഴിഞ്ഞ 83 വര്‍ഷമായി ജനകീയ ശക്തിയെ അടിസ്ഥാനപ്പെടുത്തിയാണ് ദേശാഭിമാനി പ്രവര്‍ത്തിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.. മൂലധന താല്‍പര്യം എല്ലാ പത്രങ്ങളുടേയും ദൗത്യമായി മാറുമ്പോഴും ദേശാഭിമാനി അതില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. എല്ലാ പത്രങ്ങള്‍ക്കും ഉടമകള്‍ ഉണ്ട്, സാധാരണ ജനങ്ങളുടെ ഓഹരിയില്‍ മുതലാളിമാര്‍ ഇല്ലാതെ നില്‍ക്കുന്ന പത്രം ദേശാഭിമാനിയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.



Post a Comment

Previous Post Next Post

AD01