‘രാജ്യത്ത് ഭരണഘടനാ സ്ഥാപനങ്ങളുടെ നിലനില്പ് പോലും ഭീഷണിയില്‍’; കാവിവത്കരിക്കാന്‍ ശ്രമമെന്നും മുഖ്യമന്ത്രി


ഭരണഘടനാ സ്ഥാപനങ്ങളുടെ നിലനില്പ് പോലും ഭീഷണിയില്‍ ആകുന്ന സാഹചര്യമാണ് രാജ്യത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ സത്തയായ ഭരണഘടനയില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും നീക്കാന്‍ ശ്രമിക്കുന്നു. എല്ലാം കാവിവത്കരിക്കാന്‍ ശ്രമിക്കുന്നു. ഗാന്ധിജിക്കും നെഹ്‌റുവിനും സുഭാഷ് ചന്ദ്രബോസിനും മുകളില്‍ സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പ്രതിഷ്ഠിക്കാനാണ് ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള പി എസ് സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ചരിത്രത്തെ ഭയപ്പെടുന്നവരാണ് ഇക്കൂട്ടര്‍. ഭരണഘടനാ സ്ഥാപനങ്ങള്‍ ഇല്ലാതായാല്‍ സൗകര്യം എന്ന് ചിന്തിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഇതിന്റെ ജീര്‍ണതകള്‍ പൊതുമണ്ഡലത്തില്‍ കാണാന്‍ കഴിയും. സംസ്ഥാനത്ത് ഭരണഘടന സ്ഥാപനങ്ങള്‍ സമ്മര്‍ദം നേരിടുന്നില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ട്. ദേശീയതലത്തിലുള്ള അന്തരീക്ഷത്തിന് വ്യത്യസ്തമായ സാഹചര്യമാണ് സംസ്ഥാനത്ത്. മറ്റ് സംസ്ഥാനങ്ങളില്‍ പേരിന് മാത്രമാണ് പി എസ് സി ഉള്ളത്.

സംസ്ഥാനത് നല്ല നിലയില്‍ പി എസ് സി പ്രവര്‍ത്തിക്കുന്നു. അഴിമതിയില്ലാതെ സുതാര്യമായ നിലയിലാണ് നിയമനങ്ങള്‍ നടക്കുന്നത്. പി എസ് സിയെ അപ്രസക്തമാക്കുന്ന സമീപനങ്ങള്‍ രാജ്യത്ത് വന്നുകൊണ്ടിരിക്കുന്നു. പി എസ് സിയിലെ ഭൂരിഭാഗം ജീവനക്കാരെയും ഉള്‍ക്കൊളളുന്ന സംഘടനയാണ് കേരള പി എസ് സി എംപ്ലോയീസ് യൂണിയനെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

أحدث أقدم

AD01