ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വി സിമാര്‍ക്ക് തുടരാം


ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍മാരെ തുടരാന്‍ അനുവദിച്ച് വിജ്ഞാപനം ഇറങ്ങി. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ചാന്‍സിലറായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പുതിയ വിജ്ഞാപനം ഇറക്കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസാ തോമസും സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. കെ ശിവപ്രസാദും വി സിമാരായി തുടരും. ഇരുവരും ഇന്ന് വി സിമാരായി ചുമതലയേല്‍ക്കും.

സര്‍ക്കാര്‍ പാനലിനെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് രണ്ട് വി സിമാരുടെയും പുനര്‍നിയമനം. ഡോ. എം കെ ജയരാജ്, രാജശീ, കെ.പി സുധീര്‍ എന്നിവരുടെ പേരുകളായിരുന്നു ഡിജിറ്റല്‍ സര്‍വകലാശാലയിലെ താത്കാലിക വി സി ആയി നിയമിക്കണമെന്ന സര്‍ക്കാര്‍ നല്‍കിയ പാനലില്‍ ഉണ്ടായിരുന്നത്. പ്രൊഫ പ്രവീണ്‍, ഡോ. ജയപ്രകാശ്, ആര്‍ സജീബ് എന്നിവരുടെ പേരുകളും സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി ആക്കാനുള്ള സര്‍ക്കാര്‍ പാനലില്‍ ഉണ്ടായിരുന്നു. ഈ പാനല്‍ തള്ളിയാണ് സിസാ തോമസിനേയും , ശിവപ്രസാദിനേയും ഗവര്‍ണര്‍ നിയമിച്ചിരിക്കുന്നത്.

സിസാ തോമസിന്റേയും എ. ശിവപ്രസാദിന്റെയും നിയമനം ചട്ട വിരുദ്ധമെന്നും താത്കാലിക വി സിമാരുടെ നിയമനം സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് തന്നെ നടത്തണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. താത്കാലിക വി സി നിയമനങ്ങള്‍ക്ക് യുജിസി ചട്ടം പാലിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു. ഗവര്‍ണറുടെ ഹര്‍ജിക്കെതിരെ സംസ്ഥാനം തടസ്സഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.

അതേസമയം, സാങ്കേതിക- ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമനത്തില്‍ പോരാട്ടത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഡോ.ശിവപ്രസാദിനെയും ഡോ. സിസ തോമസിനെയും നിയമിച്ച നടപടി തിരുത്താന്‍ ചാന്‍സലറോട് ആവശ്യപ്പെടും. സര്‍വകലാശാല നിയമത്തിലെ 12-ാം വകുപ്പ് പ്രകാരമാണ് സര്‍ക്കാര്‍ നീക്കം.
ഉടന്‍ പുതിയ പാനല്‍ സമര്‍പ്പിക്കാനും തീരുമാനമായി. ഗവര്‍ണര്‍ കോടതി വിധി ലംഘിച്ചുവെന്ന് സുപ്രീംകോടതിയെയും സര്‍ക്കാര്‍ അറിയിക്കും.



Post a Comment

Previous Post Next Post

AD01