ലീഡുയർത്താൻ ഇന്ത്യ; അർധസെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാൾ


പരമ്പര നഷ്ടപ്പെടാതിരിക്കാൻ ജയം അനിവാര്യമാണ് ഇന്ത്യയ്ക്ക്. എന്നാൽ, അപ്രതീക്ഷിത രംഗങ്ങളാണ് അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ഓവലിൽ അരങ്ങേറിയത്. വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ 224 റൺസിൽ ഇംഗ്ലണ്ട് പുറത്താക്കുന്നു. മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിൽ തന്നെ ഇന്ത്യൻ പന്തുകൾ അടിച്ചു പറത്തി. 77 പന്തിൽ നിന്ന് അടിച്ചുകൂട്ടിയത് 92 റൺസ്. എന്നാൽ, താളം കണ്ടെത്തിയ മുഹമ്മദ് സിറാജും, പ്രസിദ്ധ് കൃഷ്ണയും ഇംഗ്ലീഷ് നിരയെ പൂട്ടികെട്ടുന്നതാണ് പിന്നീട് കണ്ടത്. ആകെ 15 വിക്കറ്റുകളാണ് ഇന്നലെ ഓവലിൽ വീണത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിൽ, ആദ്യ ഇന്നിങ്സിൽ നിറം മങ്ങിപ്പോയ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ തിരിച്ചുവരവാണ് കണ്ടത്. ആദ്യ ഇന്നിങ്സിൽ 2 റൺസ് മാത്രം നേടി ഗസ് അറ്റ്‌കിൻസണിന് മുന്നിൽ മുട്ടുമടക്കിയ ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറിയോടെ തിളങ്ങുകയാണ്. നിലവിൽ ഇംഗ്ലണ്ടിനെതിരെ 52 റൺസിന്റെ നിർണായക ലീഡാണ് ഇന്ത്യ നേടിയത്. ജയ്‌സ്വാളും ആകാശ് ദീപുമാണ് ഇപ്പോൾ ഇന്ത്യക്കായി ക്രീസിൽ ഉള്ളത്. രണ്ട് തവണയാണ് ഇംഗ്ലീഷ് താരങ്ങളുടെ കയ്യിൽ നിന്ന് ജയ്‌സ്വാളിന്റെ ക്യാച്ചുകൾ വഴുതിപ്പോയത്. അത് ജയ്‌സ്വാളിന് തുണയാവുകയും ചെയ്തു. കെ.എൽ. രാഹുലിന്റെയും, ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ആശ്വാസമായി മാറിയ സായ് സുദർശന്റെയും വിക്കറ്റുകളാണ് നിലവിൽ ഇന്ത്യക്ക് നഷ്ടമായിട്ടുള്ളത്.

ഹാരി ബ്രൂക്കിന്റെ (53) അർധ സെഞ്ചുറിയുടെ ബലത്തിൽ ആദ്യ ഇന്നിങ്‌സിൽ 247 റൺസ് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. മഴമൂലം തടസ്സപ്പെട്ട മത്സരം അല്പസമയത്തിന് ശേഷമാണ് പുനരാരംഭിക്കാനായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും സുപ്രധാന വിക്കറ്റുകൾ വീഴ്ത്തികൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ചു. ഇരുവരും നാല് വിക്കറ്റുകൾ വീതം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ബൗളർ പ്രസിദ്ധ് കൃഷ്ണയുടെ ഏറ്റവും മികച്ച പ്രകടനമാണിത് (4/62). പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം എന്ന റെക്കോർഡും ഈ ടെസ്റ്റിലൂടെ സിറാജ് സ്വന്തമാക്കി.



Post a Comment

Previous Post Next Post

AD01