തിരുവനന്തപുരം പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കണിയാപുരം സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികളാണ് പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ശക്തമായ തിരയില്‍ മൂന്ന് വിദ്യാര്‍ഥികളാണ് അകപ്പെട്ടത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റു രണ്ടുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നബീല്‍, അഭിജിത് എന്നിരാണ് തിരയില്‍പെട്ട് കാണാനായത്. ആസിഫ് എന്ന വിദ്യാര്‍ഥിയെയാണ് രക്ഷപ്പെടുത്തിയത്. ആസിഫിനെ പുത്തൻതോപ്പ് ആശുപത്രിയിലേക്ക് മാറ്റി. ഇവരെല്ലാം പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്.പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഠിനംകുളം പൊലീസും അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
Post a Comment