തൃശ്ശൂരിലെ വോട്ടുകൊള്ള വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും പ്രതിഷേധവുമായി സിപിഐഎം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശ്ശൂർ ചേറൂരിലെ ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിലെ ബോർഡിൽ പ്രവർത്തകർ കരിഓയിൽ ഒഴിക്കുകയും ബോർഡിൽ ചെരുപ്പ് മാല ചാർത്തുകയും ചെയ്തു. പിന്നാലെ പൊലീസെത്തി ചെരുപ്പ് മാല അഴിപ്പിച്ചു മാറ്റുകയും പ്രവർത്തകനെ അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു. സിപിഐഎം തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്.വ്യക്തിപരമായ പ്രതിഷേധമാണ് താൻ നടത്തിയതെന്നും പാർട്ടി നിർദേശത്തിൽ അല്ലെന്നും വിപിൻ പറഞ്ഞു. കരിയിലൊഴിച്ച പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സിപിഐഎം നേതാക്കൾ എത്തി മോചിപ്പിച്ചു. സുരേഷ് ഗോപിയുടെ ഓഫീസിന് സമീപം നടത്തിയ മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞതും വലിയ പ്രതിഷേധത്തിനിടയാക്കി. അതേസമയം, സുരേഷ് ഗോപിക്കും സഹോദരനുമെതിരെ ടി എന്‍ പ്രതാപന്‍ വീണ്ടും പരാതി നൽകി. കേന്ദ്ര ഇലക്ഷന്‍ കമ്മീഷനും, സംസ്ഥാന ഇലക്ഷന്‍ കമ്മീഷനുമാണ് പരാതി നല്‍കിയത്. സുരേഷ് ഗോപിക്കെതിരെയും സഹോദരനെതിരെയുമാണ് പരാതി നല്‍കിയത്. വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തുവെന്നും തെറ്റായ സത്യവാങ്മൂലം നല്‍കിയെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Post a Comment