കരയാതിരിക്കാന്‍ 15 ദിവസം പ്രായമായ കുഞ്ഞിന്റെ വായയില്‍ കല്ല് തിരുകിയ ശേഷം പശതേച്ച് ഒട്ടിച്ച് ഉപേക്ഷിച്ചു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ കാട്ടുപ്രദേശത്താണ് ദാരുണ സംഭവം. വായയില്‍ കല്ലു തിരുകി അടച്ച ശേഷം കുഞ്ഞിന്റെ വായ പശകൊണ്ട് ഒട്ടിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള പ്രദേശങ്ങളിലുള്ള ആശുപത്രികളില്‍ നിന്നും പ്രസവ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്.
രാവിലെ മണ്ഡല്‍ഗ്രാഹില്‍ ക്ഷേത്രത്തിന് സമീപത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. പശുവിനെ മേയ്ക്കാനായി എത്തിയ ആളാണ് കുഞ്ഞിനെ കണ്ടെത്തിയത്. പാറക്കൂട്ടങ്ങള്‍ക്ക് സമീപം ചെറുതായി അനങ്ങുന്ന രീതിയിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്.
തുടര്‍ന്ന് ഇയാള്‍ ഉടന്‍ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയവരാണ് വായില്‍ നിന്നും കല്ല് നീക്കിയത്. കുഞ്ഞിന് 15-20 ദിവസം പ്രായമുണ്ടാകും. കരച്ചില്‍ പുറത്തുവരാതിരിക്കാന്‍ കുഞ്ഞിന്റെ വായയില്‍ കല്ലുതിരുകി പശതേച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു.
കുട്ടിയെ ഉടനെ നാട്ടുകാര്‍ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്. കുഞ്ഞിനെ വായയില്‍ കൂടാതെ തുടയിലും പശതേച്ച നിലയിലായിരുന്നു.
Post a Comment