മഞ്ചേശ്വരം തെര. കോഴക്കേസ്;കെ സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ വിധിക്കെതിരെ അപ്പീൽ നൽകി സര്‍ക്കാര്‍


കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ കാസർകോട് അഡീഷണൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് അപ്പീൽ. നേരത്തെ നൽകിയ റിവിഷൻ ഹർജി പിൻവലിച്ചതിന് പിന്നാലെയാണ് സർക്കാർ അപ്പീൽ നൽകിയത്. റിവിഷൻ ഹർജിയല്ല, അപ്പീലാണ് അഭികാമ്യമെന്ന സിംഗിൾ ബെഞ്ച് നിരീക്ഷണത്തെ തുടർന്നാണ് സർക്കാരിന്റെ പുതിയ ഹർജി. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ സെഷൻസ് കോടതി വിധിയിൽ പിഴവുണ്ടെന്നും നിയമ വിരുദ്ധമാണ് എന്നുമാണ് അപ്പീലിൽ സർക്കാരിന്റെ വാദം.

പൊലീസ് നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്. പ്രതി നൽകിയ സാക്ഷിമൊഴി മാത്രം പരിഗണിച്ചാണ് കോടതിയുടെ നടപടി. തെളിവായി സ്വീകരിക്കാൻ കഴിയാത്ത രേഖകൾ പരിഗണിച്ചാണ് സെഷൻസ് കോടതിയുടെ നടപടി. എസ് സി എസ് ടി നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ നിലനിൽക്കുമെന്നെല്ലാമാണ് സർക്കാരിന്റെ വാദം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയ്യക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാനായി കോഴ നൽകിയെന്നാണ് ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും കോഴ നൽകിയെന്നാണ് കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള ആറ് നേതാക്കൾക്കെതിരായ ആരോപണം. സർക്കാരിന്റെ അപ്പീൽ ജസ്റ്റിസ് വിജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഒക്ടോബർ ആറിന് പരിഗണിക്കും.



Post a Comment

Previous Post Next Post

AD01