ഇന്ത്യന്‍ അണ്ടര്‍- 19 ടീമിന്റെ ഓസീസ് പര്യടനത്തിന് വിജയത്തുടക്കം. ഓസ്‌ട്രേലിയ അണ്ടര്‍- 19നെതിരായ ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിന് ഇന്ത്യ ജയിച്ചു. 117 ബോള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ ഗംഭീര ജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തു. ഇന്ത്യയുടെ മറുപടി 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സായിരുന്നു. ഓസീസ് ടീമിലെ മലയാളി താരം ജോണ്‍ ജെയിംസിൻ്റെ അര്‍ധ സെഞ്ചുറി പാഴായി.
ഇന്ത്യയുടെ വേദാന്ത് ത്രിവേദി, അഭിജ്ഞാന്‍ കുണ്ടു എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. വേദാന്ത് 61ഉം അഭിജ്ഞാന്‍ 87ഉം റണ്‍സെടുത്തു. വൈഭവ് സൂര്യവംശിയാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. 22 ബോളില്‍ 38 റണ്‍സെടുത്ത് അദ്ദേഹം പുറത്തായി. തുടര്‍ന്ന് വന്ന ക്യാപ്റ്റന്‍ ആയുഷ് മെഹ്ത്രയും വിഹാന്‍ മല്‍ഹോത്രയും വേഗം കൂടാരം കയറി. മൂന്ന് വിക്കറ്റിന് 75 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ വേദാന്തും അഭിജ്ഞാനും വിജയതീരത്ത് എത്തിക്കുകയായിരുന്നു.
68 ബോളില്‍ പുറത്താകാതെ 77 റണ്‍സാണ് ജോണ്‍ ജെയിംസ് എടുത്തത്. 41 റണ്‍സെടുത്ത ടോം ഹോഗന്‍ ആണ് രണ്ടാം ടോപ് സ്‌കോറര്‍. ഇന്ത്യയുടെ ഹെനില്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു. കിഷന്‍ കുമാര്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുണ്ട്. ഓസീസിന്റെ ചാള്‍സ് ലാഷ്മണ്ട് രണ്ട് വിക്കറ്റെടുത്തു. ജോണ്‍ ജെയിംസ് ബോള്‍ ചെയ്‌തെങ്കിലും വിക്കറ്റ് എടുക്കാനായില്ല.
Post a Comment