‘അധികാരം ആസ്വദിക്കാനില്ല; ആറുമാസത്തില്‍ കൂടുതല്‍ തുടരില്ലെന്ന് നേപ്പാള്‍ ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കി


നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി തനിക്ക് അധികാരം ആസ്വദിക്കാന്‍ താല്‍പര്യമില്ലെന്നും ആറ് മാസത്തില്‍ കൂടുതല്‍ അധികാരത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി. ഇന്നലെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

‘അധികാരം ആസ്വദിക്കാന്‍ വേണ്ടിയല്ല ഞാനും എന്റെ ടീമും ഇവിടെ വന്നിരിക്കുന്നത്. ആറ് മാസത്തില്‍ കൂടുതല്‍ തുടരില്ല. പുതിയ പാര്‍ലമെന്റിന് ഞങ്ങള്‍ ഉത്തരവാദിത്തം കൈമാറും. ജനങ്ങളുടെ പിന്തുണയില്ലാതെ ഞങ്ങള്‍ വിജയിക്കില്ലെന്നുമാണ് കര്‍ക്കി വ്യക്തമാക്കിയത്.

നേപ്പാളിലെ കെ പി ശര്‍മ്മ ഒലി സര്‍ക്കാരിനെ അട്ടിമറിച്ച അഴിമതിക്കെതിരായ രാജ്യവ്യാപകമായ ജെന്‍സി പ്രതിഷേധങ്ങളെ കാര്‍ക്കി പ്രശംസിച്ചു. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരെ ‘രക്തസാക്ഷികളായി’ അംഗീകരിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കര്‍ക്കി പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ ഇടക്കാല സര്‍ക്കാര്‍ വഹിക്കുമെന്നും സാമ്പത്തികമായി സഹായിക്കുമെന്നും സുശീല കര്‍ക്കി കൂട്ടിച്ചേര്‍ത്തു.

നേപ്പാളിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സുശീല കര്‍ക്കി. ജെന്‍സി പ്രക്ഷോഭത്തെ തുടര്‍ന്ന് ഭരണകൂടം നിലംപതിച്ചതോടെയാണ് സുശീല കര്‍ക്കിയുടെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അധികാരമേറ്റത്.

നേപ്പാളില്‍ സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ചതോടെയാണ് പ്രതിഷേധം ആളികത്തിയത്.
അഴിമതിക്കാരാരയ രാഷ്ട്രീയക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം, ഒരു ദേശീയ സര്‍ക്കാരിന്റെ രൂപീകരണം എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ജെന്‍സി പ്രക്ഷോഭം തീവ്രതയാര്‍ജിച്ചത്. പിന്നാലെ പ്രധാനമന്ത്രി കെ പി ശര്‍മ രാജിവെച്ചു. ശര്‍മയുടെ രാജിക്ക് പിന്നാലെ സര്‍ക്കാരിലെ മറ്റ് മന്ത്രിമാരും രാജി വെക്കുകയായിരുന്നു.

Post a Comment

Previous Post Next Post

AD01