കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി കടത്ത് തടയാന്‍ നടപടി; ജയില്‍ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് ഐആര്‍ബി സേന

 


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി മരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കടത്ത് തടയാന്‍ നടപടി. ജയില്‍ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് ഐആര്‍ബി സേനയെ നിയോഗിക്കും. ജയിലിനുള്ളില്‍ ഉദ്യോഗസ്ഥര്‍ക്കും ഫോണ്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി.ജയിലിനകത്തേക്ക് ഇത്തരം വസ്തുക്കള്‍ കടത്തുന്ന സംഘങ്ങള്‍ അകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. ഇത് തടയാന്‍ ആയുധധാരികളായ ഉദ്യോഗസ്ഥര്‍ ജയിലിന് പുറത്ത് നിരീക്ഷണത്തിന് ഉണ്ടാകും. രാത്രി സമയത്ത് ഉള്‍പ്പടെ നിരീക്ഷണമുണ്ടാകും.ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടത്തിന് ശേഷം കൂടുതല്‍ പരിശോധനകള്‍ ജയിലില്‍ നടക്കുന്നുണ്ട്. കൂടുതല്‍ സിസിടിവി ക്യാമറകള്‍ക്ക് വേണ്ടിയുള്ള പ്രൊപ്പോസല്‍ ഇതിനകം തന്നെ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ജയില്‍ മതിലിന് മുകളിലുള്ള ഇലക്ട്രിക് ഫെന്‍സിങ് കാലങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ട സമയത്ത് വിമര്‍ശനമുയര്‍ന്നിരുന്നു. ഇലക്ട്രിക് ഫെന്‍സിങ് പുനര്‍നിര്‍മിക്കാന്‍ ഒരു കോടി 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന് കൈമാറി. ജയില്‍ മതിലിന്റെ പല ഭാഗങ്ങളും തകര്‍ന്നിരിക്കുകയാണെന്ന് ഗോവിന്ദ ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കാന്‍ എത്തിയ പ്രത്യേക സമിതിയുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതിന്റെ നടപടികള്‍ കൂടി ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്. 20 ലക്ഷം രൂപ അതിന്റെ ആദ്യ ഘട്ടമെന്ന നിലയിലുള്ള എസ്റ്റിമേറ്റ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.ശരീരത്തിലെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചും മൊബൈല്‍ ഫോണ്‍ കടത്ത് നടക്കുന്നുണ്ടെന്നും കണ്ടെത്തലുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് നല്‍കിയിട്ടുണ്ട്. കോടതിയില്‍ നിന്ന് വരുമ്പോള്‍ തടവുകാര്‍ ഫോണ്‍ കടത്തുന്നുവെന്നാണ് കണ്ടെത്തല്‍. വിരലിനോളം വലുപ്പമുള്ള മൈക്രോ ഫോണുകളാണ് ഇങ്ങനെ കടത്തുന്നത്. ഇത് പരിശോധിക്കാന്‍ ജയിലില്‍ സംവിധാനമില്ല. ശരീരം പരിശോധിക്കാന്‍ സ്‌കാനര്‍ വേണമെന്ന പ്രൊപ്പോസല്‍ ജയില്‍ അധികൃതര്‍ നല്‍കി.





Post a Comment

Previous Post Next Post

AD01