ക്രൂരത തുടർന്ന് ഇസ്രയേൽ; ഗാസയിൽ 24 മണിക്കൂറിനുള്ളിൽ 13 മൃതദേഹം കണ്ടെത്തി; വെസ്റ്റ്‌ ബാങ്കിൽ പലസ്തീൻകാരെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്


വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഗാസയിൽ വ്യാപക ആക്രമണം തുടർന്ന് ഇസ്രയേൽ. ചൊവ്വാഴ്‌ച 24 മണിക്കൂറിനുള്ളിൽ 13 മൃതദേഹം ആശുപത്രികളിൽ ലഭിച്ചതായാണ് ഗാസ ആരോഗ്യമന്ത്രാലയം നൽകുന്ന വിവരം. എട്ടുപേർക്ക് ഇന്നലെ ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തു.

ഒക്ടോബർ പത്തിന് വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷവും നിരന്തരമായി ഇസ്രയേൽ ഗാസയിൽ ആക്രമണം അഴിച്ചുവിടുകയാണ്. വെടിനിർത്തൽ നിലവിൽവന്നശേഷം നൂറിലേറെ പലസ്തീൻകാരെയാണ്‌ ഇസ്രയേലി സൈന്യം കൊലപ്പെടുത്തിയത്‌. കഴിഞ്ഞ ഒക്ടോബർ 19ന് ഗാസയിൽ 153 ടൺ ബോംബുകൾ വർഷിച്ചതായാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയത്. അതേസമയം അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേലി സൈന്യവും കുടിയേറ്റക്കാരും പലസ്തീൻകാർക്കുനേരെ വ്യാപക ആക്രമണം തുടരുകയാണ്. ഒലിവ് വിളവെടുക്കുന്നവർക്കെതിരെ സൈനികരും കുടിയേറ്റക്കാരും 158 ആക്രമണങ്ങൾ നടത്തിയതായി കോളനൈസേഷൻ ആൻഡ് വാൾ റെസിസ്റ്റൻസ് കമീഷൻ തലവൻ മുഅയ്യദ് ഷാബാൻ പറഞ്ഞതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. നബ്‌ലസ് (56), റമല്ല (51), ഹെബ്രോൺ (15) എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണങ്ങൾ നടന്നത്‌. കൂടാതെ അധിനിവേശ വെസ്റ്റ്ബാങ്കിൽ കർഷകനായ പലസ്തീൻകാരനെ ഇസ്രയേൽ സൈന്യം ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ജെനിന് തെക്കുള്ള കാഫ്ർ റായ് പട്ടണത്തിൽ ഒലിവ് ശേഖരിക്കുന്നതിനിടെയാണ്‌ സൈന്യത്തിന്റെ ആക്രമണം. ആക്രമണത്തിൽ ഇയാൾക്ക് പരിക്കേറ്റു.



Post a Comment

Previous Post Next Post

AD01