25 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ്: ഹോസൂരില്‍ നിന്ന് കേരളത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിച്ചു, ആവശ്യം യാഥാര്‍ത്ഥ്യമാക്കിയത് എഎ റഹീം എംപി



25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തമിഴ്‌നാട്ടിലെ ഹോസൂരില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കുന്നു. ഹോസൂരില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമാക്കിയത് എ എ റഹീം എംപിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ്. ഹോസൂരില്‍ മലയാളികള്‍ നേരിടുന്ന ഗതാഗതപ്രശ്‌നം പരിഹരിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.

ഡിവൈഎഫ്‌ഐ തമിഴ്‌നാട് ഘടകത്തിൻ്റെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ എ എ റഹീം എംപിയോട് മലയാളി സംഘടനാ പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡി ഡോ. പ്രമോജ് ശങ്കറുമായി എ എ റഹീം നടത്തിയ ചര്‍ച്ചയിലാണ് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഹൊസൂരില്‍ നിന്നും കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി വാരാന്ത്യ സര്‍വീസ് ഒക്ടോബര്‍ 24 മുതല്‍ ആരംഭിക്കും. സര്‍വീസ് വിജയകരമായാല്‍ തൃശൂരും തിരുവനന്തപുരവും അടക്കം കേരളത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധ്യത തേടുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടം എന്ന നിലയില്‍ വെള്ളി, ശനി ദിവസങ്ങളിലാകും സര്‍വീസ്. ഇതിനുപുറമേ ബെംഗളൂരുവില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് ഹോസൂര്‍ നഗരത്തിന് പുറത്ത് ഫ്‌ളൈ ഓവറിന് സമീപം സ്റ്റോപ്പും ഫെയര്‍ സ്റ്റേജും അനുവദിക്കാനും തീരുമാനമായി.

ഹോസൂരിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ പുതിയ സര്‍വീസ് വലിയ സഹായമാകും. കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികളുടെ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിൻ്റെ ഉദാഹരണമാണ് പുതിയ ബസ് സര്‍വീസ് അനുവദിച്ചതെന്ന് എ എ റഹീം എംപി അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post

AD01