കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കിയത് 90,000 കോടി രൂപയുടെ വികസനം -മുഖ്യമന്ത്രി പിണറായി വിജയന്‍


കിഫ്ബി മുഖേന 90,000 കോടി രൂപയുടെ വികസനം സംസ്ഥാനത്ത് നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 140 നിയോജക മണ്ഡലങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിന്റെ നേട്ടങ്ങള്‍ എത്തിക്കാന്‍ കിഫ്ബി വഴി സാധിച്ചതായും അദ്ദേഹം പറഞ്ഞു. കിഫ്ബി ഫണ്ടില്‍നിന്ന് 15.44 കോടി രൂപയും മുനിസിപ്പല്‍ തനതു ഫണ്ടില്‍നിന്ന് 2.50 കോടിയും ചെലവിട്ട് പുതുതായി നിര്‍മിച്ച രാമനാട്ടുകര നഗരസഭ ഓഫിസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ പ്രധാന വികസന പ്രവര്‍ത്തനങ്ങളെല്ലാം കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നടത്തുന്നത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ ഇതിലൂടെ സാധിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയതോടെ വികസനത്തിന്റെ ഗുണഫലങ്ങളും ആനുകൂല്യങ്ങളും വേഗത്തില്‍ ജനങ്ങളിലെത്തിക്കാനായി. വിവിധ വകുപ്പുകളോടൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനത്തിലൂടെ അടുത്ത നവംബര്‍ ഒന്ന് മുതല്‍ കേരളം അതിദാരിദ്ര്യമുക്തമാവാന്‍ പോവുകയാണ്. ഇന്ത്യയിലും ലോകത്തിലും അപൂര്‍വം പ്രദേശങ്ങള്‍ മാത്രമാണ് അതി ദാരിദ്ര്യമുക്തമായിട്ടുള്ളത്. ഈയൊരു പട്ടികയിലേക്ക് കേരളവും ഉള്‍പ്പെടാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ ഔദാര്യമല്ല, അവകാശമാണെന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ഇതിന്റെ ഭാഗമായി കെ സ്മാര്‍ട്ട് പദ്ധതി നടപ്പാക്കിയതിലൂടെ ഓഫീസുകളില്‍ ജനങ്ങള്‍ കയറിയിറങ്ങുന്ന അവസ്ഥയില്‍ മാറ്റം ഉണ്ടായതായും മന്ത്രി പറഞ്ഞു. 

നഗരസഭ ഓഫീസ് കെട്ടിടത്തിലെ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. എല്ലായിടത്തും ഒരുപോലെ വികസനം എത്തിക്കാന്‍ എല്ലാവരുമായും യോജിച്ചു പോവുകയെന്ന സമീപനമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാമനാട്ടുകരയുടെ ഏറെ നാളത്തെ ആവശ്യമായ കളിസ്ഥലം യാഥാര്‍ഥ്യമാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു.

1.02 ഏക്കറിലായി അത്യാധുനിക സൗകര്യത്തോടെയാണ് നാലുനില കെട്ടിടം സജ്ജമാക്കിയത്. പരിസ്ഥിതി സൗഹൃദമായി നിര്‍മിച്ച കെട്ടിടത്തില്‍ ലിഫ്റ്റ് സൗകര്യം, കാത്തിരിപ്പ് കേന്ദ്രം, എല്ലാ നിലകളിലും ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ഓഫീസിനോടനുബന്ധിച്ച് വിശാലമായ പാര്‍ക്കിങ് സൗകര്യവും കാന്റീനും ക്രമീകരിച്ചിട്ടുണ്ട്. 400 പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ കൗണ്‍സില്‍ ഹാളും ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ എം കെ രാഘവന്‍ എംപി മുഖ്യാതിഥിയായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി എം പുഷ്പ, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി കെ അബ്ദുല്‍ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ സലിം രാമനാട്ടുകര, പി ടി നദീറ, സി ഗോപി, സഫാ റഫീഖ്, മുന്‍ എംഎല്‍എ വി കെ സി മുമ്മദ്‌കോയ, ഇംപാക്ട് കേരള ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എ നിസാമുദ്ദീന്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, നഗരസഭ സെക്രട്ടറി പി ശ്രീജിത്ത്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01