കൊല്ലം കല്ലട ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ രാഹുൽ ആർ. പിള്ളയുടെ നേതൃത്വത്തിൽ വേണാട് ബോട്ട് ക്ലബ് തുഴഞ്ഞ ആയാപ്പറമ്പ് വലിയദിവാൻജി ജേതാക്കളായി. അനുരാജിന്റെ നേതൃത്വത്തിൽ കല്ലട ഫ്രണ്ട്‌സ് ബോട്ട് ക്ലബ് തുഴഞ്ഞ കരുവാറ്റ ശ്രീവിനായകൻ ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കല്ലടച്ചുണ്ടൻ പ്രദർശനത്തുഴച്ചിൽ നടത്തി.
ഇരുട്ടുകുത്തി എ വിഭാഗത്തിൽ കുണ്ടറ ഉണ്ണി ക്യാപ്റ്റനായ വയലിൽ സ്പാർട്ടൻസിന്റെ മൂന്നുതെക്കൻ ഒന്നാംസ്ഥാനവും എസ് സേതു ക്യാപ്റ്റനായ അയിത്തോട്ടുവ ഗുരുജി ബോട്ട് ക്ലബ്ബിന്റെ മാമൂടൻ രണ്ടാംസ്ഥാനവും നേടി. ഇരുട്ടുകുത്തി ബി വിഭാഗത്തിൽ സൂരജ് ശരവണൻ ക്യാപ്റ്റനായ വില്ലിമംഗലം ബോട്ട് ക്ലബ്ബിന്റെ പൊഞ്ഞാണത്തമ്മ ഒന്നാമതും പെരുങ്ങാലം ബിബിസി സ്പോൺസർ ചെയ്ത് സൈജു ജോർജ് ക്യാപ്റ്റനായ ശരവണൻ രണ്ടാം സ്ഥാനവും നേടി. മൺറോതുരുത്ത്, കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിലെ പ്രതിനിധികൾ ചേർന്ന് രൂപീകരിച്ച ജലോത്സവ കമ്മിറ്റിയാണ് സംഘാടകർ. ചുണ്ടൻ, വെപ്പ് എ, ബി, ഇരുട്ടുകുത്തി എ, ബി, അലങ്കാര വള്ളങ്ങൾ എന്നിവയുടെ മത്സരങ്ങളാണ് നടന്നത്. മുതിരപ്പറമ്പ് കാരൂത്രക്കടവ് നെട്ടായത്തിൽ നടക്കുന്ന ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 12 വള്ളങ്ങൾ ആണ് റജിസ്റ്റർ ചെയ്തിരുന്നത്. പി സി വിഷ്ണുനാഥ് എംഎൽഎ മത്സരങ്ങൾ ഉദ്ഘാടനംചെയ്തു. മൺറോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ അധ്യക്ഷയായി.
Post a Comment