തിക്കും തിരക്കും മറികടക്കാൻ ഹെലികോപ്റ്റർ; പ്രചാരണത്തിന് പറന്നെത്താൻ വിജയ്, ഇനി റോഡ് ഷോകളില്ല


കരൂർ ദുരന്തത്തിൽ 41 പേർ മരിച്ചതോടെ റോഡ് മാർഗമുള്ള പ്രചാരണം ഒഴിവാക്കാനൊരുങ്ങി നടനും ടി വി കെ സ്ഥാപകനുമായ വിജയ്. പ്രചാരണത്തിന് എത്താനായി ഹെലികോപ്റ്റർ വാങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോഡിലൂടെ എത്തുന്നതും, റോഡ് ഷോ നടത്തുന്നതും വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്നതിനാലാണ് ഹെലികോപ്റ്റർ എന്ന മാർഗം തെരഞ്ഞെടുക്കാൻ ടിവികെയെ പ്രേരിപ്പിച്ചത്. മുൻ മുഖ്യമന്ത്രി ജയലളിതയും ഇതേ മാർഗത്തിലൂടെയാണ് പ്രചാരണ പര്യടനങ്ങൾ നടത്തിയിരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം നാലു ഹെലികോപ്റ്ററുകൾ ബെംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ നിന്നാണ് വാങ്ങുക. സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കി ലാൻഡ് ചെയ്യും. സമ്മേളനം തുടങ്ങുന്നതിന് മിനിട്ടുകൾക്ക് മുമ്പ് മാത്രമായിരിക്കും വിജയ് എത്തുക. എന്നാൽ, നേതാവിന്‍റെ ‘ജനസമ്പർക്കം’ കുറയുമെന്ന പരാതി ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്.

സെപ്റ്റംബർ 27 നായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ കരൂർ ദുരന്തം നടന്നത്. വിജയ് പങ്കെടുത്ത റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നൂറോളം പേർക്ക് പരുക്കേറ്റു. ഉച്ചക്ക് എത്തുമെന്ന് അറിയിച്ച വിജയ് മണിക്കൂറുകൾ വൈകി വൈകുന്നേരം 6 മണിക്കാണ് എത്തിയത്. തളർന്ന് നിന്ന ജനക്കൂട്ടത്തിന് നടൻ കുപ്പിവെള്ളം എറിഞ്ഞു കൊടുത്തതും രംഗം വഷളാക്കി. ഇതിനായി തിക്കും തിരക്കുമായതോടെ അപകടം സംഭവിക്കുകയായിരുന്നു. ദുരന്തം നടന്നതിന് പിന്നാലെ വിജയ് ചെന്നൈയിലേക്ക് തിരിച്ചു പോയി. അപകടത്തിന് പിന്നാലെ സ്ഥലം വിട്ടതും ഒരു ദിവസം വൈകി വന്ന പ്രതികരണവും ഏറെ വിമർശനത്തിനിടയാക്കിയിരുന്നു.



Post a Comment

Previous Post Next Post

AD01