ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി ‘അൻപ്’ പ്രത്യേക ക്യാമ്പയിനുമായി സാമൂഹ്യനീതി വകുപ്പ്; ആദ്യഘട്ടം നാളെ തിരുവനന്തപുരത്ത് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും


സർക്കാർ സാമൂഹ്യനീതി വകുപ്പ് ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ കരുതലോടെ ചേർത്തുപിടിച്ച്, സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘അൻപ്’ പ്രത്യേക ക്യാമ്പയിൻ പരിപാടിക്ക് നാളെ തുടക്കമാകും. ക്യാമ്പയിന്റെ ആദ്യഘട്ട പരിപാടികളുടെ ഉദ്‌ഘാടനം നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ വച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും.

ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളേയും, സേവനങ്ങളേയും കുറിച്ചുള്ള കൈപ്പുസ്തക പ്രകാശനം, പുതിയ പദ്ധതികളുടെയും, സേവനങ്ങളുടെയും പ്രഖ്യാപനം, ഭിന്നശേഷി കമ്മീഷണർ നയിക്കുന്ന പാനൽ ചർച്ച, UDID, ലീഗൽ ഗാർഡിയൻഷിപ്പ്, നിരാമയ എന്നിവയുടെ ക്യാമ്പുകൾ, ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം, സഹയോഗി പദ്ധതിയുടെ വീഡിയോ പ്രകാശനം, പ്രചോദനം പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്ത NGO –കൾക്ക് ഉത്തരവ് കൈമാറൽ എന്നിവ പരിപാടിയോടനുബന്ധിച്ചു നടക്കും. ബൗദ്ധിക വെല്ലുവിളിയെക്കുറിച്ചും അത് നേരിടുന്നവരെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനുമായാണ്
‘അൻപ്’ എന്ന പ്രത്യേക ക്യാമ്പയിൻ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ്.

വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ ക്ഷമത വർദ്ധിപ്പിക്കൽ, സംരംഭക താൽപ്പര്യം പ്രോത്സാഹിപ്പിക്കൽ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാന പദ്ധതികൾ നടപ്പാക്കുക. ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കും. ഈ സംഘങ്ങളുടെ കീഴിൽ ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കുള്ള പ്രത്യേക കഴിവുകൾ മെച്ചപ്പെടുത്താൻ പ്രോത്സാഹനം നൽകും. ഇവർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും, സർഗ്ഗശേഷി പ്രദർശിപ്പിക്കാനും കേന്ദ്രങ്ങൾ സജ്ജമാക്കും. സമ്പൂർണ ശാക്തീകരണവും പുനരധിവാസവും ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ കൂടി അവകാശമാണ്. സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനും പുത്തൻ പദ്ധതികളിലേക്ക് എത്തിക്കാനും കഴിയുന്ന സമഗ്രപ്രവർത്തനത്തിന് ‘അൻപ്’ വഴിയൊരുക്കും.



Post a Comment

Previous Post Next Post

AD01