ഞാന്‍ തന്നെ പൂജ ചെയ്യണമെന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വപ്നത്തില്‍ കണ്ടുവെന്ന് പറഞ്ഞു: ജയറാം



സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജയറാം. സ്വര്‍ണപ്പാളിയിലെ എല്ലാ ഭാഗങ്ങളും തന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നുവെന്ന് ജയറാം റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി. പാളിയില്‍ സ്വര്‍ണം പൂശിയ ശേഷം ശബരിമലയിലേക്ക് കൊണ്ടു പോവുകയാണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നെന്നും ആസമയത്ത് തന്റെ വീട്ടിലെ പൂജാമുറിയിലേക്ക് അതൊന്ന് കൊണ്ടുവരാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ സമ്മതിക്കുകയും ചെയ്തു എന്നാണ് ജയറാം പറയുന്നത്. പിന്നീട് പൂജാരിമാരെയും മറ്റും വീട്ടിലെത്തിച്ച് പൂജ നടത്തി എന്നും ജയറാം വ്യക്തമാക്കി. എന്റെ പൂജാമുറിയില്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുവന്ന് വലിയ രീതിയില്‍ പൂജ നടത്തിയിരുന്നു. എന്നാല്‍ എന്റെ കയ്യില്‍ നിന്ന് അയാള്‍ പണം വാങ്ങിയിരുന്നില്ല. അത്ര സമയം പൂജ ചെയ്തതിന് ദക്ഷിണ  നല്‍കിയത് മാത്രമാണ് നല്‍കിയത്. സ്വര്‍ണപ്പാളി വീട്ടിലെത്തിച്ചതിന് ആറോ ഏഴോ മാസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെടുന്നത്. ഇപ്പോള്‍ ആറ് വര്‍ഷത്തെ പരിചയമുണ്ടാകും. മകര വിളക്കിന് പോകുമ്പോള്‍ സ്ഥിരമായി ഉണ്ണികൃഷണന്‍ പോറ്റിയെ കാണാറുണ്ടായിരുന്നു. അദ്ദേഹം തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു.' ജയറാം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വപ്നത്തില്‍ താന്‍ വന്നെന്നും അതിനാല്‍ പൂജയില്‍ എന്തായാലും പങ്കെടുക്കാന്‍ അദ്ദേഹം പറഞ്ഞെന്നും ജയറാം പറഞ്ഞു. 'എന്റെ സ്വപ്നത്തില്‍ കണ്ടു നിങ്ങള്‍ തന്നെ ആ പൂജ ചെയ്യണമെന്ന്' എന്ന് അമ്പത്തൂരിലെ ഫാക്ടറിയില്‍ പൂജ നടക്കും മുന്‍പ് ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ വിളിച്ച് പറഞ്ഞതായി ജയറാം പറഞ്ഞു. 'ഒരു ഒമിനി വാനിന്റെ പിറകില്‍ കുറെ പ്ലാസ്റ്റിക് പേപ്പറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു പാളികള്‍ ഉണ്ടായിരുന്നത്. ദേവസ്വം ബോര്‍ഡിലെ മറ്റ് അംഗങ്ങളാരും ഉണ്ടായിരുന്നില്ല.' ജയറാം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഈ സംഭവം നടക്കുന്നതിനും മുന്‍പ് ശബരിമല ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതായും അത് തിരികെ കൊണ്ടുവരുന്ന വഴി തന്നെക്കൊണ്ട് മറ്റൊരു പൂജയും ചെയ്യിച്ചു എന്നും ജയറാം പറയുന്നു. ഇത്തവണയും താന്‍ പൂജ ചെയ്യണമെന്ന് സ്വപ്നത്തില്‍ ആരോ പറഞ്ഞതായി ഉണ്ണികൃഷണന്‍ പറഞ്ഞു എന്നും ജയറാം വ്യക്തമാക്കി. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി നടന്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലും എത്തിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്‍കിയ പതിനാല് സ്വര്‍ണപ്പാളികളാണ്ജ യറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചത്. 2019ലാണ് ഈ സംഭവം. ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച്  പൂജ ചെയ്യുകയായിരുന്നു. ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ രൂപത്തില്‍ ആക്കിയ ശേഷം പൂജ ചെയ്യുകയായിരുന്നു. ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01