വികസനത്തിനും സാമൂഹ്യ ക്ഷേമത്തിനും സർക്കാർ അനുവദിച്ച തുക സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ വിനിയോഗിച്ച പഞ്ചായത്താണ് ചിറക്കൽ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ചിറക്കൽ നീലാംബരി ഓഡിറ്റോറിയത്തിൽ വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൈത്തറിക്കും അതുവഴിയുള്ള ടൂറിസത്തിനും വിശാലമായ സാധ്യതകളുള്ള നാടാണ് ചിറക്കൽ. അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വിപുലമായ അധികാരങ്ങൾ നൽകി നാടിന്റെ മുന്നേറ്റം ആസൂത്രണം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും സവിശേഷമായ നാടാണ് കേരളം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. പുതിയതെരുവിലെ ട്രാഫിക് ബ്ലോക്കിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന അവസ്ഥ മാറിയെന്നും ട്രാഫിക് പരിഷ്‌കരണത്തിന് കൂട്ടായ പരിശ്രമം നടത്തിയ മുഴുവനാളുകളെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കെ.വി സുമേഷ് എം എൽ എ അധ്യക്ഷനായി. പത്മശ്രീ ജേതാവ് എസ്ആർഡി പ്രസാദ് ഗുരുക്കൾ, ചിറക്കൽ കോവിലകം വലിയരാജ രാമവർമ്മ വലിയരാജ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് വികസനരേഖ മന്ത്രി ചിറക്കൽ കോവിലകം വലിയരാജ രാമവർമ്മ വലിയരാജയ്ക്ക് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്തിന്റെ നേട്ടങ്ങൾ ഉൾക്കൊള്ളിച്ച വികസന റിപ്പോർട്ട് ചിറക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി രതീഷ് കുമാർ അവതരിപ്പിച്ചു. മഴവിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിൽ വിജയികളായവരെ സദസ്സിൽ അനുമോദിച്ചു. വികസന സദസ്സിന്റെ സംസ്ഥാന റിപ്പോർട്ട് അവതരണം ജില്ലാ റിസോഴ്‌സ് പേഴ്‌സൺ മഞ്ജുഷ നടത്തി. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചു. ഭാവി വികസന ആശയങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾ അവതരിപ്പിച്ചു. വികസന സദസ്സിൽ പങ്കെടുത്തവർക്ക് സേവനങ്ങൾ ലഭ്യമാക്കിയ കെ സ്മാർട്ട് ക്ലിനിക്ക് ശ്രദ്ധേയമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചർ, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ടി സരള, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനിൽകുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി.കെ മോളി, എൻ ശശീന്ദ്രൻ, കെ വത്സല, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ സതി, പഞ്ചായത്തംഗം കെ ലത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി രമേശ് ബാബു, ചിറക്കൽ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി പ്രശാന്തൻ, പി ചന്ദ്രൻ, കൊല്ലോൻ മോഹനൻ, കെ.പി ജയപാലൻ മാസ്റ്റർ, രത്‌നാകരൻ, അരക്കൻ ബാലൻ എന്നിവർ സംസാരിച്ചു.
നേട്ടങ്ങളുടെ നേർസാക്ഷ്യമായി ചിറക്കൽ വികസന സദസ്സ്
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ പാരമ്പര്യമുള്ള ചിറക്കൽ പഞ്ചായത്ത് വികസനത്തിന്റെ പുതിയ ചരിത്രം രചിച്ചു മുന്നേറുകയാണ്. ജനക്ഷേമവും വികസനവും സമന്വയിക്കുന്ന സമഗ്ര മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് പഞ്ചായത്ത് യാഥാർഥ്യമാക്കിയത്. നൂറ് ശതമാനം നികുതി പിരിവ്, പട്ടികജാതി മേഖലയിൽ ലഭിച്ച മുഴുവൻ തുകയും വിനിയോഗിച്ചത്, പദ്ധതി നിർവഹണത്തിൽ മാതൃകാപരമായ ഇടപെടൽ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ് പഞ്ചായത്ത് കൈവരിച്ചത്. കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായി പൂർത്തീകരിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ 184 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി. 54 കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകി.
വിദ്യാഭ്യാസ രംഗത്തും പെരുമ നിലനിർത്താൻ പഞ്ചായത്തിന് സാധിച്ചു. കഴിഞ്ഞവർഷം 63 പേർക്ക് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി മെറിറ്റോറിയസ് സ്‌കോളർഷിപ്പ് നൽകി. പഠനാവശ്യത്തിനായി ലാപ്‌ടോപ്, ഫർണിച്ചർ തുടങ്ങിയവയും വിതരണം ചെയ്തു. കുട്ടികൾക്ക് കലാകായികരംഗത്ത് പ്രത്യേക പരിശീലനം നൽകി. എല്ലാവീടുകളിലും ജൈവ മാലിന്യ സംസ്‌കരണ സംവിധാനം എന്ന ലക്ഷ്യം പൂർത്തീകരിച്ചു. 2021 മുതൽ ഇതുവരെയായി 3535 റിംഗ് കമ്പോസ്റ്റാണ് വിതരണം ചെയ്തത്. കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് പഞ്ചായത്ത്. തെങ്ങ്, കവുങ്ങ്, കുറ്റിക്കുരുമുളക്, പച്ചക്കറി തുടങ്ങിയ വിവിധയിനം കൃഷികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കി. സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിയ ഡിജി കേരളം പദ്ധതിയിൽ ചിറക്കൽ ഗ്രാമപഞ്ചായത്തിലെ 30 വളണ്ടിയർമാർ സർവെ നടത്തുകയും 4220 പഠിതാക്കളെ കണ്ടെത്തുകയും ചെയ്തു. ഇതിലൂടെ ഡിജി കേരളം പദ്ധതിയിൽ പഞ്ചായത്ത് സമ്പൂർണ വിജയം കൈവരിച്ചു. 85 വനിതകൾക്ക് സംരംഭം ആരംഭിക്കുന്നതിനു ആനുകൂല്യം നൽകി. മൃഗസംരക്ഷണ മേഖലയിൽ പോത്തുകുട്ടി വളർത്തൽ, കന്നുകുട്ടി പരിപാലനം തുടങ്ങി നിരവധി പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി. തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കിവരുന്ന മുട്ട ഗ്രാമം പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചു. കുടിവെള്ളം ലഭ്യമാക്കുന്നതിനായി രാമൻ കുളം സംരക്ഷണ പദ്ധതി നടപ്പാക്കി. 40 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന പനങ്കാവ് കുളം സംരക്ഷണം പദ്ധതി, ചിറക്കൽ ചിറ വൃത്തിയാക്കി സംരക്ഷിക്കൽ, പി എച്ച് സി സെന്ററിൽ വാട്ടർ എടിഎം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധിയായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. നാടിന്റെ സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള വികസന പദ്ധതികൾ മികവാർന്ന രീതിയിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിൽ ചിറക്കൽ പഞ്ചായത്ത് സമാനതകളില്ലാത്ത മാതൃകയാണ് തീർത്തത്. ആധുനിക നവകേരള സൃഷ്ടിക്കായുള്ള വികസന പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന ഇടപെടലാണ് ചിറക്കൽ ഗ്രാമപഞ്ചായത്ത് മുന്നോട്ടുവെക്കുന്നത്.
.jpg)




Post a Comment