'പേരാമ്പ്രയില്‍ നടന്നത് ആസൂത്രിത ആക്രമണം; എന്നെ അടിച്ച സിഐ സിപിഐഎം ഗുണ്ട': ഷാഫി പറമ്പില്‍ എംപി


കോഴിക്കോട്:പേരാമ്പ്രയില്‍ നടന്നത് പൊലീസ് അതിക്രമമാണെന്നും പിന്നില്‍ ഗൂഢാലോചന ഉണ്ടായെന്നുമുള്ള ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. ശബരിമലയിലെ സ്വര്‍ണക്കൊള്ള മറച്ചുവെയ്ക്കാനായിരുന്നു ഈ ശ്രമമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താൻ അവിടെ എത്തിയതുകൊണ്ടാണ് ആക്രമണമുണ്ടായതെന്ന് പ്രചരിപ്പിച്ചു. ലാത്തി ചാര്‍ജ് ഉണ്ടായില്ലെന്ന് എസ് പി വ്യാജപ്രചാരണം നടത്തി. ഒരേ പൊലീസ് ഉദ്യോഗസ്ഥന്‍ ആസൂത്രിതമായി തലയിലും മൂക്കിലടിച്ചു. അഭിലാഷ് ഡേവിഡെന്ന പൊലീസുകാരനാണ് തന്നെ ആക്രമിച്ചത്. ഇയാൾ 2023 ജനുവരി 16-ന് പിരിച്ചുവിട്ട മൂന്ന് പൊലീസുകാരില്‍ ഒരാളാണ്. ഗുണ്ടാ ബന്ധത്തിന്റെപേരിലായിരുന്നു പിരിച്ചുവിടല്‍. എന്നിട്ട് ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. വടകര കണ്‍ട്രോള്‍ റൂം സിഐയാണിയാള്‍. പേരാമ്പ്രയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് അഭിലാഷാണ്. ഇയാൾ സിപിഐഎം ഗുണ്ടയാണ്. ഡിവൈഎസ്പി ഹരിപ്രസാദ് എന്തിനാണ് കയ്യില്‍ ഗ്രനേഡ് കരുതിയതെന്നും ഷാഫി ചോദിച്ചു. പൊലീസ് സംഘര്‍ഷം ഒഴിവാക്കാനല്ല ശ്രമിച്ചതെന്ന് തന്റെ കയ്യിലുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടി ഷാഫി പറഞ്ഞു. പൊലീസ് സിപിഐഎമ്മിന് വേണ്ടി ഗുണ്ടാപണി എടുക്കുകയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് തന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയ എല്ലാവര്‍ക്കും നന്ദി പറയുന്നതായും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. പേരാമ്പ്ര സികെജി ഗവൺമെൻറ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർ സംഘർഷങ്ങളാണ് മർദനത്തിൽ കലാശിച്ചത്. യുഡിഎഫ്- സിപിഐഎം പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം ഉടലെടുക്കുകയും പിന്നാലെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്. പൊലീസിന്റെ നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പേരാമ്പ്രയില്‍ സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപാടിയിലേക്കാണ് താന്‍ പോയതെന്നും ആ സമയം അവിടെ ക്രമസമാധാന പ്രശ്‌നമുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി ഷാഫി നേരത്തെ ലോക്‌സഭ സ്പീക്കര്‍ക്കും പാര്‍ലമെന്റ് കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. പൊലീസ് കാര്യങ്ങള്‍ ഇടപ്പെട്ട് വഷളാക്കി. ഈ വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും പരാതിയില്‍ ഷാഫി പറമ്പില്‍ എം പി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.



Post a Comment

Previous Post Next Post

AD01