മണ്ണാർക്കാട് ലോഡ്ജ് മുറിയിൽ എംഡിഎംഎയും ലൈംഗിക ഉത്തേജക മരുന്നുകളും; യുവതിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

 


പാലക്കാട്: മണ്ണാർക്കാട് ആശുപത്രിപ്പടിയിലുള്ള ഒരു സ്വകാര്യ ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ (മെഥിലിൻ ഡയോക്സിമെത്താംഫെറ്റമിൻ) ഉൾപ്പെടെയുള്ള രാസലഹരിയുമായി യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. പ്രതികളിൽ നിന്ന് ലഹരി വസ്തുക്കൾക്ക് പുറമെ, ലഹരി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, അളക്കാനുള്ള ത്രാസ്, സിപ് കവറുകൾ, കൂടാതെ ലൈംഗിക ഉത്തേജക മരുന്നുകളും പോലീസ് പിടിച്ചെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് മണ്ണാർക്കാട് എസ്.ഐ. രാമദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രാവിലെ 10.25-ഓടെ ലോഡ്ജിലെത്തിയത്. റിസപ്ഷനിലെ വിവരങ്ങൾ ശേഖരിച്ച ശേഷം സംഘം 706-ാം നമ്പർ മുറിയിലെത്തി. ആദ്യം വാതിൽ തുറക്കാൻ താമസിച്ചെങ്കിലും, പോലീസ് ആണെന്ന് അറിയിച്ചതോടെയാണ് നീല ടീഷർട്ടും ജീൻസും ധരിച്ച സ്ത്രീ വാതിൽ തുറന്നത്. മുറിയിൽ കോഴിക്കോട് വെള്ളയിൽ കലിയാട്ടുപറമ്പിൽ സ്വദേശിനി മർജീന ഫാത്തിമ, മണ്ണാർക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടൻ മുനീർ എന്നിവരാണ് ഉണ്ടായിരുന്നത്. തുടർന്നുള്ള പരിശോധനയിലാണ് രാസലഹരിയും കഞ്ചാവും കണ്ടെത്തിയത്. പിടിയിലായ മർജീന കഴിഞ്ഞ അഞ്ച് വർഷമായി ലഹരിക്ക് അടിമയാണെന്നും, ലഹരി തേടിയാണ് ഒരു സുഹൃത്ത് മുഖേന മണ്ണാർക്കാടെത്തിയതെന്നും പോലീസ് അറിയിച്ചു. ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമായി രണ്ട് ദിവസത്തേക്ക് ലോഡ്ജ് മുറി ബുക്ക് ചെയ്ത് നൽകിയത് മലപ്പുറം തിരൂർക്കാട് സ്വദേശിയായ മൂന്നാം പ്രതി നിഹാൽ ആണ്. മണ്ണാർക്കാടും സമീപ പ്രദേശങ്ങളിലും ലഹരി വിൽപന നടത്തുന്ന അപ്പക്കാടൻ മുനീറിനെ മർജീനയ്ക്ക് പരിചയപ്പെടുത്തിയതും നിഹാൽ ആയിരുന്നു. മുനീർ, എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി മർജീനയുടെ അടുത്തേക്ക് എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു പോലീസ് പരിശോധന.



Post a Comment

Previous Post Next Post

AD01