പിഎം ശ്രീയിൽ എതിർപ്പ് തുടരാൻ CPI;മന്ത്രിമാർക്ക് ബിനോയ് വിശ്വത്തിന്റെ നിർദേശം;കാബിനറ്റിൽ ചർച്ച വന്നാൽ എതിർക്കും


തിരുവനന്തപുരം: പിഎം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സിപിഐ. ഇത് സംബന്ധിച്ച് സിപിഐ മന്ത്രിമാര്‍ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍ദേശം നല്‍കി. പാര്‍ട്ടി മന്ത്രിമാരുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. ബിനോയ് വിശ്വത്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കാബിനറ്റില്‍ ചര്‍ച്ച വന്നാല്‍ ശക്തമായി എതിര്‍ക്കാന്‍ ബിനോയ് വിശ്വം നിര്‍ദേശിച്ചു. ഇന്നത്തെ അജണ്ടയില്‍ പിഎം ശ്രീ പദ്ധതിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാനും സിപിഐ തീരുമാനിച്ചു. പിഎം ശ്രീ പദ്ധതി കേരളം നടപ്പാക്കില്ലെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെ ബിനോയ് വിശ്വം പറഞ്ഞു. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയും പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. സിപിഐഎമ്മിനും സിപിഐക്കും പിഎം ശ്രീയില്‍ ഒരേ നിലപാടാണുള്ളത്. ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള പദ്ധതി അനുവദിക്കില്ലെന്നും ബിനോട് വിശ്വം വ്യക്തമാക്കി. അതിനിടെ പിഎം ശ്രീക്കെതിരെ ശക്തമായ പോരാട്ടമാണ് വേണ്ടതെന്ന് സിപിഐ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കി. പുത്തന്‍ വിദ്യാഭ്യാസ നയം ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കുന്ന ഏത് നീക്കത്തെയും നഖശികാന്തം എതിര്‍ക്കേണ്ടതാണ്. സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനെ എതിർക്കണം. അതാണ് പാർട്ടി നിലപാട്. കേരളത്തിലെ കാര്യം സംസ്ഥാന കമ്മിറ്റിയും എല്‍ഡിഎഫും കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ആനി രാജ പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു ആനി രാജയുടെ പ്രതികരണം. പിഎം ശ്രീ പദ്ധതി വീണ്ടും ചര്‍ച്ചയായത് മുതല്‍ സിപിഐ കടുത്ത എതിര്‍പ്പിലാണ്. പിഎം ശ്രീ പദ്ധതിയുടെ കാതല്‍ എന്‍ഇപിയാണെന്നും അതിന്റെ അടിസ്ഥാനം ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിദ്യാഭ്യാസ തത്വങ്ങളും കാഴ്ചപ്പാടുകളുമാണെന്നും പിഎം ശ്രീ വിവാദമായ ഘട്ടത്തില്‍ ബിനോയ് വിശ്വം പറഞ്ഞിരുന്നു. കേരളം എല്ലാ രംഗത്തും ഒരുബദല്‍ രാഷ്ട്രീയത്തിന്റെ സംസ്ഥാനമായാണ് കാണുന്നത്. ഡാര്‍വിന്റെ പരിണാമസിദ്ധാന്തംപോലും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് സിലബസ് മാറ്റുന്ന ബിജെപി, ചരിത്രം വളച്ചൊടിക്കുന്ന ശാസ്ത്രത്തെ ഭയപ്പെടുന്ന അന്തവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇതിനെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ആര്‍എസ്എസിന്റെ തിട്ടൂരത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ വഴങ്ങരുതെന്നായിരുന്നു ലേഖനത്തില്‍ പറഞ്ഞത്. രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയില്‍ ഒപ്പുവെയ്ക്കരുതെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.



Post a Comment

Previous Post Next Post

AD01