‘കേരളത്തിന്‍റെ വിദ്യാഭ്യാസ നയം അടിയറവ് വെയ്ക്കില്ല; RSS നിർദ്ദേശം ഇവിടെ പഠിപ്പിക്കുമെന്നത് കെ സുരേന്ദ്രന്‍റെ സ്വപ്നം മാത്രം’: വി ശിവൻകുട്ടി


പിഎം ശ്രീയിൽ ഒപ്പുവെച്ചെന്നു കരുതി കേരളത്തിന്‍റെ വിദ്യാഭ്യാസ നയം കേന്ദ്രത്തിന് അടിയറവ് വെയ്ക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ഇന്നലെ വരെ തുടർന്ന ഇടതുപക്ഷ നിലപാട് അടിയറവ് വെക്കുന്ന സാഹചര്യമേ ഇല്ല. 47 ലക്ഷത്തോളം വരുന്ന വിദ്യാർഥികളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിഷയമാണിത്. ഇതിനുവേണ്ടി ലഭിക്കുന്ന ഫണ്ട് ഒഴിവാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

മതേതരത്വം, സാമ്രാജ്യത്വ വിരുദ്ധ നിലപാട്, വർഗീയതയ്ക്ക് എതിരായ നിലപാട് എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുള്ള പാഠപുസ്തകങ്ങളാണ് കേരളത്തിനുള്ളത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്, പാഠപുസ്തകം ഇറക്കുന്നതിനുള്ള എല്ലാ അധികാരവും സംസ്ഥാന സർക്കാരിനും അതിന്‍റെ എസ്സിആർടി സ്ഥാപനത്തിനുമാണ്. അതിനാൽ ഈ വിഷയത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എഗ്രിമെന്‍റ് ഒപ്പുവെച്ചാൽ പിന്മാറാൻ കഴിയില്ല എന്ന സംശയം നിലനിൽക്കുന്നുണ്ട്. ഏത് നിമിഷം വേണമെങ്കിലും ഇതിൽ നിന്ന് പിന്മാറാമെന്ന് ഒപ്പുവെച്ച ധാരണാപത്രത്തിൽ (എംഒയു) കൃത്യമായി പറയുന്നുണ്ട്. പിന്മാറണമെങ്കിൽ ഇരു കക്ഷികളും തമ്മിൽ ആലോചിച്ചിട്ട് വേണം തീരുമാനം എടുക്കേണ്ടത്. ഇരുകക്ഷികളും യോജിച്ച് തീരുമാനമെടുത്തില്ലെങ്കിൽ കോടതിയിൽ പോകാനുള്ള അവകാശവും ധാരണാപത്രത്തിൽ പറയുന്നുണ്ട്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ നയം ഒരു കാരണവശാലും അടിയറവ് വെക്കുന്ന പ്രശ്നമേയില്ലെന്നും മന്ത്രി ആവർത്തിച്ചു. കെ സുരേന്ദ്രൻ ആർഎസ്എസിന്‍റെയും അതുപോലെയുള്ളവരുടെയും ചരിത്രവും പ്രവർത്തന ശൈലിയുമൊക്കെ പാഠപുസ്തകങ്ങളിലൂടെ കേരളത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് പറയുകയുണ്ടായി. എന്നാൽ ഇത് ഒരു കാരണവശാലും കേരളത്തിൽ നടക്കാൻ പോകുന്ന കാര്യമല്ലെന്നും, അത് സുരേന്ദ്രന്റെ സ്വപ്നം മാത്രമാണെന്നും മന്ത്രി പറഞ്ഞു.



Post a Comment

Previous Post Next Post

AD01