കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ടം ഇന്ന് മുതൽ ഡിസംബർ 1 വരെ നടക്കും.



ഉളിക്കൽ : ഭുവനമാതാവും - അന്നപൂർണ്ണേശ്വരിയുമായ മുച്ചിലോട്ട് ഭഗവതി, അച്ഛൻ വയത്തൂർ കാലിയാരുടെ അരികിൽ സന്തോഷവതിയായി കുടികൊള്ളുന്ന ചരിത്ര പ്രസിദ്ധമായ പുണ്യ ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ ഉളിക്കൽ കോടാപറമ്പിലെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി 2015 മുതൽ കളിയാട്ടം മുടങ്ങിയതിനെ തുടർന്ന് 10 വർഷത്തിന് ശേഷം നടക്കുന്ന കളിയാട്ടം കൂടിയാണ് ഇന്ന് മുതൽ കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ആരംഭിക്കുന്നത്. പത്ത് വർഷത്തോളമായി നടന്ന ക്ഷേത്ര പുനർ നിർമ്മാണമുൾപ്പടെ ഭക്ത ജനങ്ങളുടെ സഹകരണത്തോടെ പൂർത്തീകരിച്ചത് ഈ വർഷമാണ്. കളിയാട്ടത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇന്ന് വൈകുന്നേരം 5 മണിക്ക് പൊയ്യൂർക്കരി നവചൈതന്യ മുത്തപ്പൻ മഠപ്പുര ക്ഷേത്രത്തിൽ നിന്നും കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് കലവറ നിറയ്ക്കൽ ചടങ്ങ് നടക്കും. തുടർന്ന് നവംബർ 29 ന് ശനിയാഴ്ച രാവിലെ മുതൽ വിവിധ തെയ്യങ്ങൾ കെട്ടിയാടും. അന്നേ ദിവസം രാത്രി വിവിധ കലാപരിപാടികളും, കരോക്കേ ഗാനമേളയുൾപ്പടെയുള്ള കലാ - സാംസ്ക്കാരിക പരിപാടികൾ വേദിയിൽ അരങ്ങേറും. എല്ലാ ദിവസവും ഭക്ത ജനങ്ങൾക്കുള്ള അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ ഒന്നിന് തിങ്കളാഴ്ച ദിവസം മുച്ചിലോട്ട് ഭഗവതിയുടെ കൊടിയില തോറ്റം, നരമ്പിൽ ഭഗവതിയുടെ തിറ, കണ്ണങ്കാട്ട് ഭഗവതിയുടെ തിറ, വിഷ്ണുമൂർത്തിയുടെ ചാമുണ്ഡി തിറ, പുളളൂർ കാളി ഭഗവതി യുടെ തിറ എന്നിവയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് മേലേരി കയ്യേൽക്കൽ ചടങ്ങ് നടക്കും. തുടർന്ന് അന്ന പൂർണ്ണേശ്വരിയും - വരദായനിയുമായ കോടാപറമ്പ് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി വർഷങ്ങൾക്ക് ശേഷം ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കി കോടാപറമ്പിൽ നിവരും. അന്നേ ദിവസം രാത്രി നടക്കുന്ന മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ആറാടിക്കൽ ചടങ്ങോട് കൂടി ഈ വർഷത്തെ കളിയാട്ടം സമാപിക്കും.



Post a Comment

Previous Post Next Post

AD01