തിരുവനന്തപുരം: 32-ാമത് മിസ് ഇന്ത്യ വേൾഡ്‌വൈഡ് ആഗോള സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി മലയാളി അഭിമാനം. മലപ്പുറം സ്വദേശിയായ സുകന്യ സുധാകരൻ ആണ് ഈ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്. ന്യൂയോർക്കിലെ ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റി (ഐഎഫ്‌സി) മുംബൈയിലെ ദി ലലിത് ഹോട്ടലിൽ സംഘടിപ്പിച്ച മത്സരത്തിൽ, ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരായ 38 മത്സരാർത്ഥികളെ പിന്തള്ളിയാണ് സുകന്യ വിജയിയായത്. എം.ബി.എ. ബിരുദധാരിയും മോഡലും നർത്തകിയും തിയേറ്റർ ആർട്ടിസ്റ്റുമായ സുകന്യ, നിരവധി പ്രമുഖ ഫാഷൻ ഡിസൈനർമാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള 50 വനിതകളുടെ പട്ടികയിൽ ഇടം നേടിയ വ്യക്തികൂടിയാണ് ഇവർ. ആദ്യ മിസ് ഇന്ത്യ വേൾഡ്‌വൈഡിന് ശേഷം ഈ ബഹുമതി നേടുന്ന ആദ്യ മലയാളിയാണ് സുകന്യ. അബുദാബിയിൽ വളർന്ന സുകന്യ നിലവിൽ കോഴിക്കോട് ആണ് താമസം. അലിയൻസ് (ടെക്‌നോപാർക്ക്) സ്ഥാപനത്തിൽ എച്ച്.ആർ. എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നതിനിടയിലും തൻ്റെ മോഡലിംഗ് സ്വപ്നങ്ങൾ സുകന്യ തുടർന്നു. പഠനകാലം മുതൽ മോഡലിംഗിൽ താൽപ്പര്യമുണ്ടായിരുന്നതായും ജോലി ലഭിച്ച ശേഷവും അത് തുടരുകയായിരുന്നുവെന്നും സുകന്യ വ്യക്തമാക്കി. 2025ലെ മിസ് ഇന്ത്യ യു.എ.ഇ., 2014ലെ മിസ് കേരള മിസ് ഫോട്ടോജെനിക് എന്നീ നേട്ടങ്ങളും സുകന്യ സ്വന്തമാക്കിയിട്ടുണ്ട്. അച്ഛൻ സുധാകരൻ (അബുദാബി വിദ്യാഭ്യാസ മന്ത്രിയുടെ പി.ആർ.ഒ. ആയി വിരമിച്ചു), അമ്മ അനിത, സഹോദരി മാനസ, സഹോദരി ഭർത്താവ് അഡ്വ. ഗോവിന്ദ് എന്നിവരുടെ പൂർണ്ണ പിന്തുണയാണ് തൻ്റെ വിജയത്തിന് പിന്നിലെന്ന് സുകന്യ കൂട്ടിച്ചേർത്തു.
.jpg)




Post a Comment