ഉറങ്ങുമ്പോൾ ലൈറ്റ് ഇടണമെന്ന് നിർബന്ധമുള്ള ഒരു വ്യക്തി എല്ലാവരുടെയും കൂട്ടത്തിലുണ്ടാകും എന്നാൽ അവരോട് ഒന്ന് സൂക്ഷിക്കാൻ പറയുന്നത് നല്ലതാണ്. കാരണം രാത്രിയിൽ ലൈറ്റ് ഇട്ട് ഉറങ്ങാൻ ഇഷ്ടമുള്ളവർ അറിഞ്ഞിരിക്കേണ്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹാർവാർഡ് സർവ്വകലാശാലയുടെ പുതിയ ഗവേഷണത്തിൽ ആണ് ഇങ്ങനെ ഉറങ്ങുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നുള്ള പഠനങ്ങൾ പുറത്തുവരുന്നത്.
രാത്രിയിൽ ലൈറ്റിട്ട് ഉറങ്ങുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് പഠനങ്ങൾ. കൃത്രിമ വെളിച്ചം തലച്ചോറിന്റെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകളിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുമെന്നും ഇത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു. രാത്രികാല പ്രകാശ മലിനീകരണം എങ്ങനെയാണ് ഹൃദ്രോഗത്തിന് ഉള്ള സാധ്യത വർധിപ്പിക്കുന്നത് എന്നതിലാണ് ഗവേഷകർ പഠനം നടത്തിയത്. 2005 നും 2018 നും ഇടയിൽ ശരാശരി 55 വയസ് പ്രായമുള്ള 466 മുതിർന്നവരിൽ ആണ് പഠനം നടത്തിയത്.
പത്ത് വർഷം നീണ്ടുനിന്ന പഠനത്തിൽ ഇവരുടെ വീടുകളിലെ കൃത്രിമ വെളിച്ചത്തിൻ്റെ അളവ് അളക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടായോ എന്ന്പരിശോധിക്കുകയും ചെയ്തു. ഇതിൽ 17 ശതമാനം പേർക്ക് ഗുരുതരമായ ഹൃദയപ്രശ്‌നങ്ങൾ ഉണ്ടായെന്ന് കണ്ടെത്തി. രാത്രിയിൽ ഉയർന്ന അളവിലുള്ള കൃത്രിമ വെളിച്ചം ലഭിച്ചവരിലാണ് തലച്ചോറിൻ്റെ സമ്മർദ്ദം കൂടുകയും ധമനികളിൽ വീക്കം വർദ്ധിക്കുകയും ചെയ്തത്. രാത്രി ലൈറ്റിട്ട് ഉറങ്ങുന്നത് അൽഷിമേഴ്‌സ് രോഗസാധ്യത വർധിപ്പിക്കുമെന്നും മുൻപ് നടത്തിയ പഠനങ്ങളിൽ പറയുന്നു. കൃത്രിമ വെളിച്ചം ശരീരത്തിന്റെ സർക്കാർഡിയൻ താളത്തെ തടസ്സപ്പെടുത്തുന്നതാണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യും.
ഇതിന് പരിഹാരമായി ചില കാര്യങ്ങൾ നമുക്ക് ചെയ്യാനാകും. കിടപ്പുമുറികൾ കഴിയുന്നത്ര ഇരുണ്ടതാക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. പുറത്തുനിന്നുള്ള വെളിച്ചം കടക്കാതിരിക്കാൻ ബ്ലാക്ക് ഔട്ട് കർട്ടനുകൾ ഉപയോഗിക്കുന്നതും ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും. മാത്രമല്ല ഉറങ്ങുന്നതിന് മുൻപ് ഫോണുകൾ, ടാബ് ലെറ്റുകൾ, ടിവികൾ തുടങ്ങിയ സ്‌ക്രീനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാകും ഉചിതം.
.jpg)



إرسال تعليق