ശനിയുടെ പ്രധാന ഉപഗ്രഹങ്ങളിൽ ഏറ്റവും ചെറിയ ഉപഗ്രഹമാണ് മിമാസ്. ഗർത്തങ്ങൾ നിറഞ്ഞ ഭീമൻ ഉപരിതലം കാരണം ‘മരണ നക്ഷത്രം’ എന്നും മിമാസ് അറിയപ്പെടുന്നു. പ്രധാനമായും ഐസ് കൊണ്ട് നിർമിക്കപ്പെട്ട ഈ ഉപഗ്രഹം ഭൂമിശാസ്ത്രപരമായി മരിച്ചതായാണ് കാണപ്പെടുന്നത്. പക്ഷേ പരിക്രമണത്തിനിടെ മിമാസിന്റെ ചലനത്തിലുണ്ടായ ചെറിയ ഏറ്റക്കുറച്ചിൽ ഹിമത്തിനടിയിൽ ദ്രാവക ജലം ഉണ്ടാകാം എന്നതിന്റെ സൂചനയാണെന്നാണ് പുതിയ പഠനം പറയുന്നത്. അതേ, മഞ്ഞുമൂടിയ പുറംതോടിനു കീഴിൽ മറഞ്ഞിരിക്കുന്ന ഒരു സമുദ്രം ഉണ്ടായിരിക്കാം. ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിലെ മാക്സ് റുഡോൾഫിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നിൽ.
നമ്മുടെ സൗരയൂഥത്തിന്റെ പുറംതോടിനു ചുറ്റും നിരവധി ഹിമ ഉപഗ്രഹങ്ങളുണ്ട്. ശനിയുടെ എൻസെലാഡസ് പോലെയുള്ള ഹിമ ഉപഗ്രഹങ്ങളിൽ ചിലത് അവയുടെ മഞ്ഞുമൂടിയ പുറംതോടിനും പാറക്കെട്ടുകൾക്കും ഇടയിൽ ദ്രാവക ജല സമുദ്രങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഹിമ പ്രതലങ്ങൾക്ക് കീഴിൽ എന്താണ് സംഭവിക്കുന്നതെന്നും സമുദ്രങ്ങൾ എങ്ങനെ രൂപം കൊള്ളുന്നുവെന്നും അവ എങ്ങനെ പെരുമാറുന്നുവെന്നും അവയിൽ ചിലത് തിളച്ചുമറിയുന്നതെന്താണെന്നും യുസി (കാലിഫോർണിയ യൂണിവേഴ്സിറ്റി) ഡേവിസ് സംഘം പഠിച്ചു.
അവയുടെ ഗ്രഹങ്ങൾ സൃഷ്ടിക്കുന്ന വേലിയേറ്റത്തിന്റെ ശക്തിയിൽ മഞ്ഞുമൂടിയ ഉപഗ്രഹങ്ങൾ ചൂടാകുന്നു. അയൽ ഉപഗ്രഹങ്ങളുടെ സ്വാധീനത്തിനനുസരിച്ച് ഈ ശക്തികൾ വ്യത്യാസപ്പെടും. കൂടുതൽ ചൂട് ഐസ് പാളിയെ ഉരുക്കും, അതേസമയം കുറഞ്ഞ ചൂട് അത് കട്ടിയാകാൻ അനുവദിക്കുന്നു. കട്ടിയുള്ള ഐസ് സമ്മർദ്ദം ചെലുത്തുകയും ഉപരിതല ഘടനയെ രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഗവേഷകർ നേരത്തെ നിരീക്ഷിച്ചതാണ്. എന്നാലിപ്പോൾ, താഴെ നിന്ന് ഐസ് ഉരുകുമ്പോൾ എന്ത് സംഭവിക്കുമെന്ന പഠനമാണ് സംഘം നടത്തിയത്. ഈ പ്രക്രിയ സമുദ്രങ്ങൾ തിളയ്ക്കാൻ കാരണമാകുമെന്ന നിഗമനത്തിലും സംഘമെത്തി.
മിമാസിന്റെ മഞ്ഞുമൂടിയ പുറംതോട് നേർത്തതായതിനാൽ വിഘടിക്കാൻ സാധ്യതയില്ല. ഉപരിതലത്തിന് അതിനടിയിൽ ദ്രാവക ജലം നിലനിൽക്കുകയും ചെയ്യും. മിമാസ് ചെറുതായതിനാൽ ഐസിന് താഴെയുള്ള വെള്ളം ദ്രാവകമായും ഖരമായും വാതകമായും ഒരേസമയം നിലനിൽക്കുന്ന ഒരു അവസ്ഥയിലെത്താം, ഇത് തിളപ്പിക്കുന്നതിലേക്ക് നയിച്ചേക്കാമെന്നാണ് ഗേഷകരുടെ കണ്ടെത്തൽ.
ദശലക്ഷക്കണക്കിന് വർഷങ്ങളായി മഞ്ഞുമൂടിയ ഉപഗ്രഹങ്ങളുടെ പരിണാമത്തെ രൂപപ്പെടുത്തുന്ന പ്രക്രിയകൾ മനസ്സിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് യുസി ഡേവിസിലെ എർത്ത് ആൻഡ് പ്ലാനറ്ററി സയൻസസ് പ്രൊഫസർ മാക്സ് റുഡോൾഫ് പറയുന്നത്. മറഞ്ഞിരിക്കുന്ന സമുദ്രമുള്ള ഒരു ഉപഗ്രഹം ഉപരിതലത്തിൽ എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ ഈ ഗവേഷണം ശാസ്ത്രജ്ഞരെ സഹായിക്കമെന്നും അദ്ദേഹം പറയുന്നു. മഞ്ഞുമൂടിയ പുറംതോട് നേർത്തതാക്കുന്നത് ഉപഗ്രഹത്തിന്റെ വലുപ്പത്തിൽ വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.
മിമാസ്, എൻസെലാഡസ്, യുറാനസിന്റെ മിറാൻഡ തുടങ്ങിയ ചെറിയ ഉപഗ്രഹങ്ങളിൽ, ഹിമത്തിനടിയിലെ മർദ്ദം വളരെ കുറവായതിനാൽ വെള്ളം തിളച്ചുമറിയാൻ തുടങ്ങും. ഇത് നീരാവിയും വാതകങ്ങളും ഉത്പാദിപ്പിക്കും. മിറാൻഡയിൽ കാണപ്പെടുന്ന കൊടുമുടികളും പാറകളും ഈ തിളയ്ക്കുന്ന സമുദ്രം മൂലമാകാമെന്നാണ് വിലയിരുത്തിൽ. അതേസമയം വലിയ ഹിമ ഉപഗ്രഹങ്ങളിൽ, വെള്ളം തിളയ്ക്കുന്നതിന് മുമ്പ് ഹിമ പാളി വിഘടിച്ചേക്കാം. ഇത് സമുദ്രം രൂപപ്പെടുന്നത് തടയും.
.jpg)



Post a Comment