അറബിക്കടലിൽനിന്ന് പുതിയ ഇനം ആഴക്കടൽ നീരാളി കൂന്തളിനെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ശാസ്ത്ര സംഘം. ആഗോളതലത്തിൽത്തന്നെ അപൂർവമായ ടനിൻജിയ എന്ന ജെനുസ്സിൽ പെട്ടതാണ് ഈ ആഴക്കടൽ കൂന്തൾ. ഇതുവരെ, അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ടനിൻജിയ ഡാനേ മാത്രമാണ് ഈ വർഗത്തിലെ ഒരേയൊരു കൂന്തൾ ഇനം. രണ്ടാമത്തെ ഇനം കൂന്തളിനെയാണ് സിഎംഎഫ്ആർഐ സംഘം കണ്ടെത്തിയത്. കൊല്ലം പുറംകടലിൽ ഏകദേശം 390 മീറ്റർ ആഴത്തിൽനിന്നാണ് ഒക്ടോപോട്യൂത്തിഡേ കുടുംബത്തിൽപ്പെട്ട ഈ കൂന്തളിനെ ലഭിച്ചത്. ഇവക്ക് കൂന്തളുകളെ പോലെ രണ്ട് നീളമുള്ള സ്പർശിനികൾ (ടെന്റക്കിൾ) ഇല്ല. നീരാളികളെ പോലെ എട്ട് കൈകൾ മാത്രമാണുള്ളത്. ഇക്കാരണത്താൽ നീരാളി കൂന്തൾ എന്നാണ് ഇവയെ വിളിക്കുന്നത്. സാധാരണ കൂന്തളുകൾക്ക് എട്ട് കൈകളും പുറമെ രണ്ട് സ്പർശിനികളുമുണ്ടാകാറുണ്ട്.
സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഗീത ശശികുമാറും ടെക്നിക്കൽ ഓഫീസർ ഡോ കെ കെ സജികുമാറും ചേർന്ന ഗവേഷണ സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ. പുതിയ കൂന്തളിനെ ടനിൻജിയ സൈലാസി എന്ന് നാമകരണം ചെയ്തു. സിഎംഎഫ്ആർഐ മുൻ ഡയറക്ടറും കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞൻ ഡോ ഇ ജി സൈലാസിന് ആദരമായാണ് ഈ പേര് നൽകിയത്. ഇന്ത്യയിലെ കണവ ഗവേഷണ രംഗത്ത് മുൻനിരക്കാരനായിരുന്നു ഡോ സൈലാസ്. ഇന്ത്യൻ നീരാളി കൂന്തൾ എന്നാണ്
ആദ്യമായാണ് അറബിക്കടലിൽ നിന്നും ടനിൻജിയ വർഗത്തിലെ നീരാളി കൂന്തളിനെ കണ്ടെത്തുന്നത്. ആദ്യകാഴ്ചയിൽ, ഈ വർഗത്തിലെ ഏകയിനമായ ടനിൻജിയ ഡാനേ ആണെന്നാണ് കരുതിയത്. ഇവ ഏകജാതീയമാണെന്നായിരുന്നു (മോണോടൈപിക്) ഗവേഷകർക്കിടയിൽ ഇതുവരെയുണ്ടായിരുന്ന വിശ്വാസം. എന്നാൽ, ഇവ രണ്ടും തമ്മിൽ ബാഹ്യരൂപത്തിൽ വ്യത്യാസമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിശദമായ ജനിതക-വർഗീകരണ പഠനത്തിലാണ് അറബിക്കടലിൽ നിന്ന് ലഭിച്ചത് പുതിയ ഇനം കൂന്തളാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഡോ.ഗീത ശശികുമാർ പറഞ്ഞു.

വലിയ വലുപ്പവും തൂക്കവും കൈവരിക്കുന്നതാണ് ഈ കുടുംബത്തിലെ കൂന്തളുകൾ. ഇവ രണ്ട് മീറ്ററിലേറെ നീളവും ഏകദേശം 61 കിലോഗ്രാം തൂക്കവും കൈവരിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ടുന്ന് ഡോ.സജികുമാർ പറഞ്ഞു. ലോകമെമ്പാടും ഏകദേശം 400-ഓളം വ്യത്യസ്ത ഇനം കൂന്തളുകളെ കണ്ടെത്തിയിട്ടുണ്ട്. പുതിയ കൂന്തളിനെ കണ്ടെത്തിയതായുള്ള പഠനം രാജ്യാന്തര ജേർണലായ മറൈൻ ബയോഡൈവേഴ്സിറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണ വിദ്യാർത്ഥികളായ ഡോ ഷിജിൻ അമേരി, ടോജി തോമസ് എന്നിവരും പഠന സംഘത്തിലുണ്ടായിരുന്നു.
.jpg)



Post a Comment