തമ്മനത്ത് കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു; ഉണ്ടായിരുന്നത് ഒരു കോടി പത്ത് ലക്ഷം ലിറ്റര്‍ വെള്ളം; വീടുകളില്‍ വെള്ളം കയറി; വാഹനങ്ങള്‍ തകര്‍ന്നു

 


എറണാകുളം തമ്മനത്ത് ജല അതോരിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്നു. ഒരു കോടി 38 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് തകര്‍ന്നത്. സമീപത്തെ വീടുകളില്‍ വെള്ളം കയറി. കാലപ്പഴക്കം മൂലമാണ് വാട്ടര്‍ ടാങ്ക് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ടാങ്കില്‍ ഉണ്ടായിരുന്നത് ഒരു കോടി പത്ത് ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നുവെന്നാണ് വിവരം. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വാഹനങ്ങള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 50 വര്‍ഷത്തോളം പഴക്കമുള്ള ടാങ്കാണ് തകര്‍ന്നത്. നഗരത്തിലെ പ്രധാന വാട്ടര്‍ ടാങ്കുകളിലൊന്നാണ് തകര്‍ന്നത്. പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം നടക്കുന്നത്. നാട്ടുകാര്‍ വിളിച്ചറിയിച്ചപ്പോഴാണ് അധികൃതരും വാട്ടര്‍ അതോരിറ്റിയും വിവരമറിഞ്ഞത്.കൊച്ചി നഗരത്തിന്റേയും തൃപ്പൂണിത്തുറയുടേയും വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള വെള്ളമാണ് പാഴായത്. പ്രദേശത്തെ മതിലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും ചെടിച്ചട്ടികളും വീടിന് പുറത്തിട്ടിരുന്ന മറ്റ് വസ്തുക്കളും ഒഴുകിപ്പോയി. വന്‍ ശബ്ദം കേട്ടിരുന്നതായി ചില പ്രദേശവാസികൾ പറഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പ്രദേശവാസികള്‍ ഏറെ നേരം പരിഭ്രാന്തരായി. അണക്കെട്ട് പൊട്ടിയോ എന്നുള്‍പ്പെടെ സംശയിച്ച് പരിഭ്രാന്തരായെന്നും പ്രദേശവാസികള്‍ പറഞ്ഞു.



Post a Comment

Previous Post Next Post

AD01