വിടവാങ്ങിയത് സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജനപ്രതിനിധി; കാനത്തിൽ ജമീലയുടെ സംസ്കാരം ചൊവ്വാഴ്‌ച്ച


സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഭരണാധികാരി എന്ന നിലയിൽ കാനത്തിൽ ജമീലയെന്ന കരുത്തുറ്റ വനിതാ നേതാവ് നടത്തിയത്. സ്നേഹ സ്പർശം, ജീവജ്യോതി പദ്ധതികൾ വഴി ഒരുപാട് രോഗികൾക്ക് താങ്ങാവുന്ന മനുഷ്യ സ്നേഹിയെക്കൂടിയാണ് കാനത്തിൽ ജമീലയുടെ വിയോഗത്തോടെ നഷ്ടമായത്. സംസ്കാരം ചൊവാഴ്‌ച അത്തോളി കുനിയിക്കടവ് ജുമാമസ്ജിദിൽ നടക്കും. സാധാരണ വീട്ടമ്മയിൽ നിന്ന് നിയമസഭ വരെ എത്തിയ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായിരുന്നു കാനത്തിൽ ജമീല.

മൂന്നു പതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തനത്തിനിടെ തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രണ്ടു തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് എന്നിങ്ങനെ ത്രിതല പഞ്ചായത്തിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സഖാവായിരുന്നു അവർ.

ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെയാണ് സ്നേഹ സ്പർശം, ജീവജ്യോതി പദ്ധതികൾ നടപ്പാക്കിയത്. പാവപ്പെട്ട വൃക്ക രോഗികളെയും അവരുടെ കുടുംബത്തെയും ചേർത്തു പിടിക്കുന്നതായിരുന്നു ആ പദ്ധതി. രണ്ടാം തവണയും ജില്ല പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെയാണ് കൊയിലാണ്ടിയിൽ നിന്നും നിയമസഭയിലേക്കെത്തിയത്. കൊയിലാണ്ടിയിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടത്തിയത്.

മണ്ഡലത്തിലെ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കുകയും സ്ത്രീകളുടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായി ചർച്ച ചെയ്യുകയും ചെയ്തു. രോഗവസ്ഥയിൽ ചികിത്സയിൽ കഴിയുമ്പോളും തന്റെ നാടിനായുള്ള ദൗത്യം മറക്കാതെ തന്റെ മണ്ഡലതിനായി സംസാരിച്ചു.

കാനത്തിൽ ജമീലയുടെ വിയോഗത്തോടെ നാടിനു നഷ്ടമായത് പകരംവയ്ക്കാനില്ലാത്ത ഒരു വ്യക്തിത്വത്തെയാണ്. ചൊവ്വാഴ്ചയാണ് സംസ്കാചടങ്ങുകൾ. രാവിലെ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും /പിന്നീട് തലക്കുളത്തൂരിലും പൊതുദർശനത്തിന് വയ്ക്കും. ഖബറടക്കം വൈകിട്ട് അത്തോളി കുനിയിക്കടവ് ജുമാ മസ്ജിദിൽ.



Post a Comment

Previous Post Next Post

AD01