ബംഗളൂരു: ബംഗളൂരുവിൽ അടുത്തിടെ നടന്ന എ.ടി.എം. കാഷ് വാൻ കവർച്ചയുമായി ബന്ധപ്പെട്ട് ഒരു പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. സർക്കാർ ഉദ്യോഗസ്ഥരെന്ന് നടിച്ച് എ.ടി.എം. വാനിൽ നിന്ന് 7 കോടി രൂപ കവർന്നെടുത്ത കേസിലാണ് നടപടി. നവംബർ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സി.എം.എസ്. ഇൻഫോസിസ്റ്റംസിന്റെ കാഷ് വാൻ ജെ.പി. നഗറിലെ എച്ച്.ഡി.എഫ്.സി. ബാങ്ക് ശാഖയിൽ നിന്ന് പുറപ്പെട്ട ഉടനെയായിരുന്നു സംഭവം. ആദായ നികുതി വകുപ്പിലെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെയും (ആർ.ബി.ഐ.) ഉദ്യോഗസ്ഥരാണെന്ന് നടിച്ചെത്തിയ സംഘം അശോക പില്ലറിന് സമീപത്തുവെച്ച് വാൻ തടഞ്ഞുനിർത്തുകയും, ഇത്രയും വലിയ തുക കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു . പിന്നീട് ഇവർ വാൻ ഡ്രൈവറെ ഡയറി സർക്കിളിനടുത്ത് ഉപേക്ഷിക്കുകയും, പണം ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കറൊട്ടിച്ച ഇന്നോവ കാറിലേക്ക് മാറ്റിയശേഷം രക്ഷപ്പെടുകയായിരുന്നു
പ്രതികളെ കണ്ടെത്താനായി 200-ൽ അധികം പോലീസുകാരെ വിന്യസിച്ച് തിരച്ചിൽ ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് ശനിയാഴ്ച അറിയിച്ചു. ഇതുവരെ 5.76 കോടി രൂപ കണ്ടെടുത്തിട്ടുണ്ട് എന്നും ബാക്കിയുള്ള തുക കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സിംഗ് പറഞ്ഞു.
“പതിനൊന്ന് സംഘങ്ങളിലായി 200 പോലീസുദ്യോഗസ്ഥരെയും ജീവനക്കാരെയും ഈ ജോലിക്ക് വിന്യസിച്ചിട്ടുണ്ട് . 30-ൽ അധികം ആളുകളെ ചോദ്യം ചെയ്യുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വാനിന്റെ ചുമതലയുണ്ടായിരുന്നയാൾ, സി.എം.എസ്. ഇൻഫോസിസ്റ്റംസിന്റെ മുൻ ജീവനക്കാരൻ, ഗോവിന്ദപുര പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് കോൺസ്റ്റബിൾ എന്നിവരാണ് പിടിയിലായവർ” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുറ്റകൃത്യത്തിൽ പങ്കാളികളായവരെ കണ്ടെത്താനായി ആറ് സംഘങ്ങളെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഗോവയിലേക്കും അയച്ചതായി സിംഗ് അറിയിച്ചു. കവർച്ച ആസൂത്രണം ചെയ്യൽ , നടപ്പാക്കൽ കവർച്ചയ്ക്ക് ശേഷമുള്ള പണം കൈമാറ്റം എന്നിവയ്ക്ക് ആറുമുതൽ എട്ടുവരെ ആളുകൾ ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
.jpg)



Post a Comment