‘തെരഞ്ഞെടുപ്പിനെ ഇടതുമുന്നണി ഐക്യത്തോടെ നേരിടും; UDF പ്രവർത്തിക്കുന്നത് SDPI, ജമാഅത്തെ ഇസ്ലാമി എന്നിവരെ കൂട്ടുപിടിച്ച്’: എം വി ഗോവിന്ദൻ മാസ്റ്റർ


എൽ ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഐക്യത്തോടെയെന്നും സ്ഥാനാർഥി നിർണയം ആവേശത്തോടെ പൂർത്തിയാക്കിയതായും എം വി ഗോവിന്ദൻ മാസ്റ്റർ. ഇടത് മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഇടതുപക്ഷം മത്സരിക്കുന്നത്. അതേസമയം, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള വർഗീയ കക്ഷികളുമായി ചേർന്നാണ് യുഡിഎഫ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

സർക്കാരിന്‍റെ എല്ലാവിധ പ്രവർത്തനങ്ങളെയും രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് എതിർത്ത് കേരളത്തിൽ വികസനം നടക്കുന്നില്ല എന്ന് വരുത്തി തീർക്കാനാണ് യുഡിഎഫ് ശ്രമം. വിദ്വേഷ രാഷ്ട്രീയം കൈകാര്യം ചെയ്യാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ് ഐ ആർ വളരെ വളരെ സൂക്ഷ്മതയിൽ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. നിയമപരമായ പോരാട്ടം ശക്തമായി നടക്കുന്നു. സിപിഐഎം നൽകിയിട്ടുള്ള ഹർജി ബുധനാഴ്ച പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എസ്ഐആർ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജോലി സമ്മർദ്ദം ആത്മഹത്യയിലേക്ക് വരെ എത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമ പോരാട്ടം നടക്കുമ്പോൾ തന്നെ എസ്ഐആറിന്റെ ഭാഗമായി 18 വയസ്സ് തികഞ്ഞവർ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ഉറപ്പാക്കേണ്ടതുണ്ട്. ഒരാളും വോട്ടർപട്ടികയിൽ നിന്ന് വിട്ടു പോകാതിരിക്കാനുള്ള ശ്രമകരമായ പ്രവർത്തനം പാർട്ടി നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



Post a Comment

Previous Post Next Post

AD01