കോഴിക്കോട് എൽഡിഎഫിൻ്റെ തെരഞ്ഞടുപ്പ് റാലി വൈകിട്ട് 4 മണിക്ക് ബീച്ചിൽ; മുഖ്യമന്ത്രി പങ്കെടുക്കും


മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോഴിക്കോട് ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തും. മുഖ്യമന്ത്രിയുടെ സാന്നിധ്യം എൽഡിഎഫ് സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും വലിയ ആവേശമാണ് നൽകുന്നത്. കഴിഞ്ഞ ദിവസം തൃശ്ശൂരിലും ഇതേ ആവേശം കണ്ടതാണ്.

ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് പ്രസ് ക്ലബ്ബിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഇതിനുപിന്നാലെ വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ബീച്ചിലാണ് തെരഞ്ഞെടുപ്പ് റാലി നടക്കുക. പ്രചാരണം രണ്ടാം ഘട്ടത്തിൽ എത്തി നിൽക്കുന്ന മലബാർ മേഖലയിലെ ജില്ലകളിൽ മുഖ്യമന്ത്രിയെത്തുമ്പോൾ നിലവിലുള്ള ആവേശം ഇരട്ടിയാകും എന്ന് പ്രവർത്തകർ പ്രതീക്ഷിക്കുന്നു.

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ കാലയളവായി കോർപ്പറേഷൻ ഭരിക്കുന്നത് എൽഡിഎഫ് ആണ്. യുഡിഎഫുമായി (കോൺഗ്രസുമായി) വലിയ സീറ്റ് വ്യത്യാസത്തിലാണ് നിലവിൽ എൽഡിഎഫ് ഭരണം തുടരുന്നത്. കൂടുതൽ സീറ്റുകൾ നേടിക്കൊണ്ട് ഇത്തവണ വീണ്ടും ഭരണം തുടരാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് മുന്നോട്ട് പോകുന്നത്. കോർപ്പറേഷൻ നടപ്പിലാക്കിയ നിരവധി വികസന പ്രവർത്തനങ്ങളും എൽഡിഎഫ് സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളും വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത് തന്നെയാണ് എൽഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നതും.

പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രധാന മുന്നണികൾക്ക് ചില വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ട്. യുഡിഎഫിനെ സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടും വിമതശല്യവുമാണ് പ്രധാന തലവേദനയായി മാറിയിട്ടുള്ളത്. അതേസമയം, കോഴിക്കോട് കോർപ്പറേഷൻ ഇത്തവണ പിടിച്ചെടുക്കുമെന്ന അവകാശവാദം ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്നുണ്ട്.

ബിജെപിയും വലിയ ഒറ്റകക്ഷിയാകുമെന്ന് അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും, അവർക്ക് ആശങ്ക നൽകുന്നത് കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയാണ്. എയിംസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ ചർച്ച നിലനിൽക്കുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ഭയം ബിജെപി നേതൃത്വത്തിനുണ്ട്.



Post a Comment

Previous Post Next Post

AD01