‘സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത്’; കത്തിൽ രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കാൻ എസ്ഐടി


ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ എസ്ഐടി. മൊഴിയെടുക്കാൻ സൗകര്യമുള്ള ദിവസം അറിയിക്കണമെന്ന് എസ്ഐടി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. പത്താം തീയതി മൊഴി കൊടുക്കാമെന്ന് എസ്ഐടിയെ രമേശ് ചെന്നിത്തല അറിയിച്ചു. പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയിൽ കാണാതെ പോയ സ്വർണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് അയച്ച കത്തിൽ പറയുന്നു. പുരാവസ്തു കടത്തിലെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണ പരിധിക്കു പുറത്താണ്. അന്വേഷണം അവരിലേക്കും നീളണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേകാന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് രമേശ് ചെന്നിത്തല കത്തു നൽകിയത്. ശബരിമല സ്വർണമോഷണം ഒരു സാധാരണ മോഷണമല്ല, മറിച്ച് അന്താരാഷ്ട്ര മാനങ്ങളുള്ള ഒന്നാണ്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവർ ഈ കേസിലെ സഹ പ്രതികൾ മാത്രമാണ്. ഇതിന്റെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയിൽ ആയിട്ടില്ലെന്ന് കത്തിൽ പറയുന്നു.

ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് തന്നോട് പറഞ്ഞത് ഒരു വ്യവസായിയാണ്. പ്രത്യേക അന്വേഷണസംഘം തയ്യാറെങ്കിൽ വ്യവസായിയുടെ വിവരങ്ങൾ കൈമാറും. ഭയം ഉള്ളതുകൊണ്ടാണ് വ്യവസായി നേരിട്ട് വരാത്തത്. അവർ അന്വേഷിക്കട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.



Post a Comment

Previous Post Next Post

AD01