മുംബൈയിലെ മുതിർന്ന മാർക്സിസ്റ്റ് ചിന്തകനും അധ്യാപകനുമായ കെ കെ തെക്കേടത്ത് അന്തരിച്ചു

 



മുതിർന്ന മാർക്സിസ്റ്റ് പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫസർ കെ കെ തെക്കേടത്ത് അന്തരിച്ചു. തൃശ്ശൂർ പെരിഞ്ഞനം സ്വദേശിയാണ്. 85 വയസ്സായിരുന്നു. മുംബൈയിലെ വിൽസൺ കോളേജിലെ മുൻ ഗണിതശാസ്ത്ര പ്രൊഫസറായിരുന്ന തെക്കേടത്ത്, മാർക്സിസ്റ്റ് തത്വചിന്ത, രാഷ്ട്രീയ സാമ്പത്തികശാസ്ത്രം, മാർക്സിന്റെയും എംഗൽസിന്റെയും സംഭാവനകൾ തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനവും എഴുത്തും നടത്തിയ പ്രമുഖ ചിന്തകനാണ്. മാർക്സിസ്റ്റ് ജേണലുകളിലും സിപിഐഎം പ്രസിദ്ധീകരണങ്ങളിലുമാണ് അദ്ദേഹത്തിന്റെ ലേഖനങ്ങൾ വ്യാപകമായി പ്രസിദ്ധീകരിച്ചത്. മാർക്സിസത്തെ ശാസ്ത്രീയമായ ഒരു ചിന്താധാരയായി വിശദീകരിക്കുന്നതിൽ തെക്കേടത്ത് വലിയ പങ്കുവഹിച്ചു. ഗണിതശാസ്ത്ര പശ്ചാത്തലത്തിൽ നിന്നുള്ള ശാസ്ത്രീയ സമീപനമാണ് അദ്ദേഹത്തിന്റെ മാർക്സിസ്റ്റ് പഠനങ്ങൾക്ക് ശക്തി നൽകിയതെന്ന് നിരൂപകർ വിലയിരുത്തുന്നു. ഫ്രെഡറിക് എംഗൽസിന്റെ മാർക്സിസം വികസനത്തിലെ നിർണായക പങ്ക് വ്യക്തമാക്കുന്ന നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അതുപോലെ, “In Defence of Dialectical Materialism”, “A First Course in Marxist Economic Theory” എന്നീ കൃതികൾ മാർക്സിസ്റ്റ് പഠന രംഗത്തെ അടിസ്ഥാന ഗ്രന്ഥങ്ങളായി കണക്കാക്കപ്പെടുന്നു. കെ. കെ. തെക്കേടത്തിന്റെ ഭാര്യ പുഷ്പ തെക്കേടത്ത് വിൽസൺ കോളേജിലെ മുൻ പ്രൊഫസറാണ്. ഇരുവരും ഒരുകാലത്ത് വിൽസൺ കോളേജിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു ആൺ മക്കളിൽ ഒരാൾ നേരത്തെ നിര്യാതനായി. മകൻ ധനഞ്ജയ് തെക്കേടത്ത് മുംബൈയിലെ തോമൽ സഹാനി എഞ്ചിനീയറിംഗ് കോളേജ്, ബാന്ദ്രയിൽ പ്രൊഫസറാണ്. തെക്കേടത്തിന്റെ ഏക സഹോദരൻ നരേന്ദ്ര തെക്കേടത്ത് , സെൻട്രൽ മുംബൈയിലെ അക്കൗണ്ടന്റ് ജനറൽ (AG) ഓഫീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനയിൽ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം നിലവിൽ കേരളത്തിൽ താമസമാക്കിയിരിക്കുകയാണ്.

Post a Comment

Previous Post Next Post

AD01