'ബ്ലാക്ക് ടിക്കറ്റ് വിജയ്': കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റ് പണം സമ്പാദിച്ചു; വിജയ്ക്കെതിരെ രൂക്ഷവിമർശനം


ചെന്നൈ: ആദ്യമായി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കടുത്ത ആക്രമണം നടത്തി എഐഎഡിഎംകെ. വിജയ് എഐഎഡിഎംകെയെ ബിജെപിയുടെ അടിമ എന്ന് വിളിച്ചതിനും അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനും മറുപടിയായിട്ടാണ് പാർട്ടി നേതൃത്വം ശക്തമായ പ്രസ്താവന പുറത്തിറക്കിയത്. ടിവികെ നേതാവിന്‍റെ ആരോപണങ്ങൾ പൂർണമായും തള്ളിയ എഐഎഡിഎംകെ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ തന്നെ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. "ബ്ലാക്ക് ടിക്കറ്റ്" വിജയ് എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു എഐഎഡിഎംകെയുടെ മറുപടി. വിജയ് കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റ് അനധികൃതമായി വലിയ രീതിയില്‍ പണം സമ്പാദിച്ച വലിയ അഴിമതിക്കാരനാണ്. കടുത്ത ആത്മരതിയാണ് വിജയ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം കരൂരിൽ നടന്ന ദുരന്തത്തിൽ 41 പേർ മരിച്ച സംഭവത്തിന് വിജയ് ഭാഗികമായി ഉത്തരവാദിയാണെന്നും എഐഎഡിഎംകെ ആരോപിച്ചു. ദുരന്തത്തിനു ശേഷം 72 ദിവസത്തിലധികം വിജയ് സ്വന്തം വീട്ടില്‍ ഒളിച്ചിരുന്നുവെന്നും പാർട്ടി ഓഫീസ് അടച്ചുപൂട്ടിയെന്നും അവർ ആരോപിച്ചു. ദുരിതബാധിത കുടുംബങ്ങളെ സന്ദർശിക്കാതെ, അവരെ തന്റെ അടുത്തേക്ക് വരാൻ നിർബന്ധിച്ചത് "പരമാവധി അഹങ്കാരം" ആണ്. വിജയുടെ രാഷ്ട്രീയ പെരുമാറ്റം "അപകടകരമായ നാർസിസിസ്റ്റിക് പെരുമാറ്റം" ആണ്. അദ്ദേഹം "ഗ്ലിസറിൻ കണ്ണീർ" ഒഴുക്കി കൊണ്ട് അനുശോചന പരിപാടികൾ സംഘടിപ്പിക്കുകയും സ്വയം പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്നും എഐഎഡിഎംകെ ആരോപിച്ചു. "രാഷ്ട്രീയത്തിലുള്ളവർ അണ്ണയെ മറന്നുപോയി, പാർട്ടിയുടെ പേരിൽ അണ്ണാ എന്ന് പേരുള്ളവരും ഉൾപ്പെടെ." എന്നായിരുന്നു പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെയെ ലക്ഷ്യമിട്ട് വിജയ് പറഞ്ഞത്. ഇതിനു മുൻപ് വന്നവരെപ്പോലെയോ ഇപ്പോള്‍ ഉള്ളവരെപ്പോലെയോ അഴിമതി നടത്തില്ലെന്നും ടിവികെ നേതാവ് പറഞ്ഞു. 'രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനു ശേഷമായാലും അധികാരത്തിൽ വന്നതിനു ശേഷമായാലും, മുൻകാലങ്ങളിലെയും ഇപ്പോഴത്തെയും ഭരണാധികാരികളെപ്പോലെ ഞാൻ ഒരിക്കലും അഴിമതി ചെയ്യില്ല. ഒരു തുള്ളി അഴിമതി പോലും എന്നെ കളങ്കപ്പെടുത്തില്ല. അഴിമതി എന്നെ കളങ്കപ്പെടുത്താൻ ഞാൻ അനുവദിക്കില്ല' വിജയ് പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാറിനെ താഴെ ഇറക്കണമെന്നും വിജയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരുടേയും അടിമയാകാന്‍ സമ്മർദമില്ല, ഒരു സമ്മർദത്തിനും വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'നടക്കാനിരിക്കുന്നത് വെറും ഒരു തെരഞ്ഞെടുപ്പ് മാത്രം അല്ല, ജനാധിപത്യ പോരാണ്. ആ പോര് മുന്നില്‍ നിന്ന് നയിക്കുന്ന കമാന്‍ഡോസാണ് നിങ്ങള്‍' കഴിഞ്ഞ ദിവസം മാമല്ലപുരത്ത് പാർട്ടി ഭാരവാഹികളുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഇനിയും മൂന്ന് മാസമാണ് ശേഷിക്കുന്നത്. ആ സമയത്തിനുള്ള നിങ്ങള്‍ നടത്തുന്ന പ്രവർത്തനത്തിലാണ് നമ്മുടെ വിജയം ഇരിക്കുന്നത്. നമ്മള്‍ നിർത്താന്‍ പോകുന്ന സ്ഥാനാർത്ഥികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണം. ടിവികെ ഒരിക്കലും അഴിമതി കാണിക്കില്ല, ജനങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

Previous Post Next Post

AD01