കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും: ഥാർ കുടുംബത്തിൽ നിന്നും ഒരു അഴകിയ രാവണൻ; ഥാർ റോക്സ് സ്റ്റാര്‍ എഡിഷൻ വിപണിയില്‍


വാഹനപ്രേമികളുടെ പ്രിയവാഹനമായ ഥാറിന്‍റെ റോക്സ് ലൈനപ്പിൽ വമ്പൻ കൂട്ടിച്ചേർക്കലുമായി മഹീന്ദ്ര. ആരും നോക്കിപ്പോകുന്ന ലുക്കില്‍ കൂടുതല്‍ സൗന്ദര്യം കോരിയൊ‍ഴിച്ച് എസ് യുവി വേര്‍ഷന്‍ ആയ സ്റ്റാര്‍ ഇഡിഎന്‍ ആണ് മഹീന്ദ്ര പരിഷ്‌കരിച്ച് അവതരിപ്പിച്ചത്. റോക്സിന്റെ കൂടുതല്‍ എക്സ്‌ക്ലൂസീവ് പ്രീമിയം പതിപ്പാണ് 16.85 ലക്ഷം രൂപ എക്‌സ്-ഷോറൂം പ്രാരംഭ വിലയിലെത്തുന്ന സ്റ്റാര്‍ ഇഡിഎന്‍.

ഡിസൈനിലും ലുക്കിലുമുള്ള സ്റ്റൈലിഷ് അപ്ഗ്രേഡിലാണ് മഹീന്ദ്ര കൂടുതൽ ഫോക്കസ് ചെയ്തിരിക്കുന്നത്. പുതിയ എക്സ്റ്റീരിയർ, ഇന്റീരിയർ കളർ സ്കീമുകൾ ഇത് വ്യക്തമാക്കുന്നു. ഫോർ-വീൽ-ഡ്രൈവ് സിസ്റ്റം ഇല്ലാത്തതിനാൽ, ഓഫ്‌റോഡർമാർക്ക് പകരം കുടുംബ ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ഇത്തവണ മഹീന്ദ്രയുടെ വരവെന്ന് കരുതാം.

പിയാനോ- ബ്ലാക്ക് ഫ്രണ്ട് ഗ്രില്ലും അലോയ് വീലുകളുമാണ് വാഹനത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നത്. സി-പില്ലറിൽ ‘സ്റ്റാർ എഡിഷൻ’ ബാഡ്ജും നൽകിയിട്ടുണ്ട്. സിട്രിൻ യെല്ലോ എന്ന അടിപൊ‍ളി എക്സ്റ്റീരിയർ കളർ മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നിവയും ലഭ്യമാണ്. അകത്തളത്തിൽ, ഇരുണ്ട കറുപ്പും ചാരനിറവും കലർന്ന ഒരു ക്യാബിൻ തീമാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ഫോൺ ചാർജർ, 6-വേ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ വെന്റുകളുള്ള ഓട്ടോ എസി, കീലെസ് എൻട്രി, കൂൾഡ് ഗ്ലൗബോക്‌സ് തുടങ്ങിയ കിടിലൻ ഫീച്ചറുകളാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

2.0 ലിറ്റര്‍ ടിജിഡിഐ പെട്രോള്‍ എന്‍ജിന്‍ 176 ബിഎച്ച്പിയും 380 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഈ വേർഷനിൽ ഓട്ടോമാറ്റിക് മാത്രമേ ലഭ്യമാവുകയുള്ളൂ. അതേസമയം, 172 ബിഎച്ച്പിയും 400 എന്‍എം വരെ ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വേർഷനിൽ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. 5-ഡോർ ഫോഴ്‌സ് ഗൂർഖ, മാരുതി ജിംനി എന്നിവരാണ് എതിരാളികൾ.



Post a Comment

Previous Post Next Post

AD01