ജാതി -മത -വർഗ- ഭാഷാഭേദമന്യേ രാജ്യത്ത് ജനാധിപത്യ- മതേതര മൂല്യങ്ങൾ നിലനിൽക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ആശ്രാമം മൈതാനത്ത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഖണ്ഡതയാണ് നമ്മുടെ ശക്തി. മതേതരത്വം അതിപ്രധാനം. യുദ്ധങ്ങളുടേയും അധിനിവേശങ്ങളുടേയും ലോകത്ത് സുരക്ഷിതമായി തുടരുകയാണ് രാജ്യം. ജാതി - മത ചിന്തകൾക്ക് അതീതമായി നിലകൊണ്ടാണ് കേരളം മാതൃകയാകുന്നത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന പലതരം വെല്ലുവിളികളെ നേരിടാൻ നമ്മുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. കഠിനാധ്വാനത്തിലൂടെ ഉൽപാദനക്ഷമതയുള്ള രാജ്യമായി ഇന്ത്യയെ മാറ്റുന്നതിനു യുവതലമുറയുടെ പങ്ക് അവിഭാജ്യമാണ്. രാജ്യത്തെ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കാൻ കൂട്ടായി പ്രതിജ്ഞ ചെയ്ത് മുന്നേറണമെന്നും മന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തിൽ വ്യക്തമാക്കി. രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. മൈതാനത്തെത്തിയ മന്ത്രിയെ ജില്ലാ കലക്ടർ എൻ. ദേവിദാസ് സ്വീകരിച്ചു. പൊലീസ്, എക്സൈസ്, വനം, സ്റ്റുഡന്റ് പോലീസ്, അഗ്‌നിരക്ഷാസേന, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് തുടങ്ങിയ വിഭാഗങ്ങൾ പരേഡില്‍ അണിനിരന്നു. മങ്ങാട് സർക്കാർ ഹൈസ്കൂൾ കൊല്ലം സിറ്റി എസ് പി സി, പൂയപ്പള്ളി സർക്കാർ ഹൈസ്കൂൾ കൊല്ലം റൂറൽ എസ് പി സി, ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസ്, തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ്, വിമലഹൃദയ ഗേൾസ് ഹൈസ്കൂളിലെ ബാന്‍ഡ് പ്ലറ്റൂണുകൾ പങ്കെടുത്തു.
കൊട്ടിയം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി പ്രദീപ് പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ ദിനേശാണ് സെക്കന്റ് ഇന്‍ കമാന്റ്. പരേഡിൽ പങ്കെടുത്ത പ്ലറ്റൂണുകള്‍ക്ക് മന്ത്രി മെമെന്റോ സമ്മാനിച്ചു. കോർപറേഷനിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. പൂർണമായും ഹരിതച്ചട്ടം പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ, റൂറൽ എസ്.പി ടി.കെ. വിഷ്ണു പ്രദീപ് എന്നിവരും അഭിവാദ്യം സ്വീകരിച്ചു. എൻ കെ പ്രേമചന്ദ്രൻ എം പി, എം നൗഷാദ് എം.എൽ.എ, മേയർ എ കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു, ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയ സുകുമാരൻ, എ ഡി എം ജി നിർമൽകുമാർ, ഡെപ്യൂട്ടി കലക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

إرسال تعليق