കേരളത്തിന്‍റെ അതിർത്തി കണ്ണൂരല്ല: കാസർകോടിനെ ഒഴിവാക്കിയതിൽ അതൃപ്തി വ്യക്തമാക്കി രാജ്മോഹൻ ഉണ്ണിത്താൻ


കാസര്‍കോട്: അതിവേഗ റെയില്‍വേ പദ്ധതിക്കെതിരെ വമിര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാസർകോട് എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. പദ്ധതിയില്‍ കാസര്‍കോടിനെ അവഗണിച്ചെന്നും കേരളത്തിന്റെ അതിര്‍ത്തി കണ്ണൂരല്ലെന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മപ്പെടുത്തുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ പ്രതിഷേധമുണ്ടാകും. ചര്‍ച്ചകള്‍ നടത്താതെയുള്ള നടപടികളാണെങ്കിൽ കെ റെയിലിന്റെ അവസ്ഥ അതിവേഗ റെയിലിനുമുണ്ടാകും. ഇ ശ്രീധരനെയും മുഖ്യമന്ത്രിയെയും അതൃപ്തി അറിയിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. പയ്യന്നൂരിൽ പരാതി പറഞ്ഞ കുഞ്ഞികൃഷ്ണനെ തച്ചുതകര്‍ക്കുകയാണ് സിപിഐഎം എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ശബരിമല സ്വര്‍ണക്കൊള്ള നടത്തിയവരെ സംരക്ഷിച്ചവര്‍ രക്തസാക്ഷി ഫണ്ട് മുക്കിയവരെ സംരക്ഷിച്ചതില്‍ അത്ഭുതമില്ല. പയ്യന്നൂരില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മാഫിയ ഗുണ്ടാസംഘം പ്രവര്‍ത്തിക്കുന്നു. രക്തസാക്ഷി ഫണ്ടില്‍ പണം നല്‍കിയത് ജനങ്ങളാണ്. ജനങ്ങള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കാസര്‍കോട് നിന്ന് യാത്രക്കാര്‍ കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നതിനാലാണ് അവിടെ സ്റ്റോപ്പ് അനുവദിക്കാത്തതെന്ന് ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. 100 മുതല്‍ 150 വരെ ആളുകള്‍ മാത്രമാണ് കാസര്‍കോട് നിന്നുള്ളത്. പിന്നീട് ആവശ്യമെങ്കില്‍ കൂട്ടി ചേര്‍ക്കാം. കാസര്‍കോട്ടേയ്ക്ക് സ്റ്റേഷന്‍ നീട്ടണമെങ്കില്‍ 200 കോടി രൂപ അധിക ചെലവ് വരുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രം മുന്നോട്ട് വെക്കുന്ന അതിവേഗ റെയില്‍പാതയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. അതിവേഗ റെയില്‍ വരട്ടെ, സില്‍വര്‍ ലൈനിനെ എതിര്‍ത്തത് പാരിസ്ഥിതകവും സാമ്പത്തികവുമായ വിഷയങ്ങളുടെ പേരിലാണ്. കൃത്യമായ ഒരു ഡിപിആര്‍ സര്‍ക്കാറിന് ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ആ എതിര്‍പ്പിന്റെ അര്‍ത്ഥം കേരളത്തില്‍ അതിവേഗ റെയില്‍ വേണ്ട എന്നല്ല. ബദലുകള്‍ പരിശോധിക്കട്ടേയെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതിവേഗ റെയില്‍പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവും ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ് ഇ ശ്രീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിവേഗ റെയിലുമായി ബന്ധപ്പെട്ട് ഡിപിആര്‍ തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഇ ശ്രീധരന്‍ നേരത്തെ മാധ്യമങ്ങളെ കണ്ടിരുന്നു. തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാത അഞ്ച് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്നായിരുന്നു ശ്രീധരന്‍ പറഞ്ഞത്. തിരുവനന്തപുരം വരെ കണ്ണൂര്‍ വരെ ആദ്യ ഘട്ടത്തില്‍ പതിനാല് സ്റ്റോപ്പുകളായിരിക്കും ഉണ്ടായിരിക്കുകയെന്നും ഇത് പിന്നീട് 22 ആയി ഉയര്‍ത്തുമെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. കെ റെയിലിന് സമാനമായി അതിവേഗ റെയില്‍പദ്ധതിക്കെതിരെ സമരമുണ്ടാകരുതെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു.



Post a Comment

Previous Post Next Post

AD01