ലിസിഗിരി ചെറുപുഷ്പ ദൈവാലയത്തിൽ തിരുനാളാഘോഷത്തിനു കൊടിയേറി.

 


ശ്രീകണ്ഠപുരം:- കൂട്ടുംമുഖം ലിസിഗിരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാളാഘോഷത്തിനു കൊടിയേറി. ഇന്ന് (ജനുവരി 16 വെള്ളി) വൈകുന്നേരം 4 നു ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ചേന്നോത്ത് കൊടിയേറ്റി. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാന,വചന സന്ദേശം, നൊവേന എന്നിവയ്യ്ക്ക് ഫാ. ബിജു മറ്റത്തിൽ കാർമികത്വം വഹിച്ചു. സെമിത്തേരി സന്ദർശനം, ഒപ്പീസ് എന്നിവയ്ക്ക് ശേഷം പയ്യന്നൂർ മഴവിൽ മ്യൂസിക് ഒരുക്കിയ കരോക്കെ ഗാനമേളയും അരങ്ങേറി. നാളെ (ജനുവരി 17 ശനി) വൈകുന്നേരം 5 ന് ചെട്ടിയാംപറമ്പ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ പൊടിമറ്റത്തിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, പ്രസുദേന്തി വാഴ്ച, നൊവേന എന്നിവ നടക്കും. തുടർന്ന് കൂട്ടുംമുഖം കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം. മണ്ണംകുണ്ട് ലാസലൈറ്റ് ആശ്രമത്തിലെ ഫാ. ജെൻസൺ ലാസലൈറ്റ് ലദീഞ്ഞ് അർപ്പിച്ച് തിരുനാൾ സന്ദേശം നൽകും. പ്രദക്ഷിണം തിരികെ പള്ളിയിലെത്തുമ്പോൾ സമാപന ആശീർവാദം, വാദ്യമേളങ്ങൾ എന്നിവയുണ്ടായിരിക്കും. സമാപന ദിനമായ ജനുവരി 18 ഞായറാഴ്ച രാവിലെ 9.30 ന് മിഷൻലീഗ് തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ.ജിതിൻ വയലുങ്കൽ തിരുനാൾ റാസ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ച് വചന സന്ദേശം നൽകും. പ്രസുദേന്തി വാഴ്ചക്ക് ശേഷം കുരിശടി ചുറ്റി പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയോടെ ആഘോഷങ്ങൾക്ക് കൊടിയിറങ്ങും.



Post a Comment

Previous Post Next Post

AD01