പി പി ദിവ്യയെ ഒഴിവാക്കി; സൂസന്‍കോടിയെയും മാറ്റി, സുജാത തുടരും; ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ മാറ്റം


തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ മാറ്റം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന പി പി ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി. ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് പി പി ദിവ്യ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കുകയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ ഏക പ്രതിയാണ് പി പി ദിവ്യ. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സൂസന്‍കോടിയെയും മാറ്റി. കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖയാണ് പുതിയ അധ്യക്ഷ. സി എസ് സുജാത സെക്രട്ടറി സ്ഥാനത്ത് തുടരും. ഇ പത്മാവതിയെ ട്രഷററായി തെരഞ്ഞെടുത്തു. കരുനാഗപ്പള്ളിയിലെ പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള വിഭാഗീയതയുടെ പേരില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സൂസന്‍ കോടിയെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ജനാധിപത്യമഹിളാ അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയത്. ജനുവരി 25 മുതല്‍ 28 വരെ ഹൈദരാബാദില്‍ നടക്കുന്ന പതിനാലാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടന്ന 14ാം സംസ്ഥാന സമ്മേളനത്തിലാണ് നേതൃത്വത്തില്‍ അഴിച്ചുപണി നടന്നത്. 36 അംഗ എക്‌സിക്യൂട്ടീവിനെയും സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. അതേസമയം ഭാരവാഹിത്വത്തില്‍ നിന്നും പി പി ദിവ്യയെ ഒഴിവാക്കിയതല്ലെന്നും ചുമതല ഒഴിയണമെന്ന് ദിവ്യ ആവശ്യപ്പെടുകയായിരുന്നുവെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷ പി കെ ശ്രീമതി പറഞ്ഞു. ദിവ്യ കണ്ണൂരില്‍ പ്രവര്‍ത്തനം തുടരുമെന്നും പി കെ ശ്രീമതി പറഞ്ഞു.



Post a Comment

أحدث أقدم

AD01